ഛത്തീസ്ഗഡില്‍ രണ്ടു കന്യാസ്ത്രീകളുടെ അറസ്റ്റിനിടയായ സംഭവങ്ങളെച്ചൊല്ലി ഏതാനും ദിവസങ്ങളായി മലയാള പത്രങ്ങളില്‍ വലിയ കോലാഹലങ്ങള്‍ നടക്കുകയാണല്ലോ. അഞ്ചു വര്‍ഷമായി ക്രിസ്തുമതം പിന്തുടര്‍ന്നുവരുന്ന ഞങ്ങളെ കന്യാസ്ത്രീകള്‍ ജോലിയില്‍ ഏര്‍പ്പെടുന്നതിനു ആഗ്രയിലേക്കു കൊണ്ടുപോകുന്നതിനായി ദുര്‍ഗ് റെയില്‍വേ സ്‌റ്റേഷനിലെത്തിയപ്പോള്‍ റെയില്‍വേ പോലീസ് വിവരമന്വേഷിച്ചതിനു ശേഷമാണ് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതെന്ന് അവര്‍ പറഞ്ഞു. ക്രിസ്ത്യന്‍ മിഷനറിമാരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്ന ബജരംഗദള്‍ പ്രവര്‍ത്തകരാണ് അവരെ പിടികൂടാന്‍ പോലീസിനെ പ്രേരിപ്പിച്ചതത്രെ.
ഈ സംഭവം പാര്‍ലമെന്റിലും കേരളത്തിലും വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. മധ്യപ്രദേശ്, ഛത്തീസ്ഗഡ ് എന്നീ സംസ്ഥാനങ്ങളില്‍ മാത്രമല്ല ഭാരതത്തിലുടനീളം ഗോത്രവര്‍ഗ മേഖലകളില്‍ വ്യാപകമായി ക്രിസ്ത്യന്‍ മിഷനറിമാരുടെ പ്രവര്‍ത്തനങ്ങള്‍ ഒരു നൂറ്റാണ്ടിലേറെയായി നടന്നുവരുന്നുണ്ട്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ അതു വളരെ ഗുരുതര സ്വഭാവം കൈവരിച്ചിട്ടുമുണ്ട്. മേഘാലയ, മിസോറാം, അസം മുതലായ സംസ്ഥാനങ്ങളില്‍ അതു രാജ്യരക്ഷക്കുതന്നെ ഭീഷണിയായിട്ടുമുണ്ട്. മേഘാലയയില്‍ സ്വാമി വിവേകാനന്ദന്‍ തന്നെ മുന്‍കയ്യെടുത്ത് ആശ്രമങ്ങളും വിദ്യാലയങ്ങളും സ്ഥാപിച്ചതാണ്.
ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ കാലത്തുതന്നെ ഭാരതത്തിന്റെ ഗിരിവര്‍ഗ മേഖലകളെ ലാക്കാക്കിയുള്ള മതപ്രചാരണം നടന്നുവന്നു. അവരുടെ ഗോത്രങ്ങളെ തങ്ങളുടെ വിശ്വാസത്തിലേക്കു കൊണ്ടുവരാന്‍വേണ്ടി വിവിധ മിഷനുകള്‍ പ്രവര്‍ത്തിച്ചുവന്നു. രാജ്യത്ത് ക്രിസ്തുമത വിശ്വാസികളുടെ വിവിധ സഭകള്‍ കൂടുതലായുണ്ടായിരുന്നത് കേരളത്തിലായിരുന്നതിനാല്‍ അവിടങ്ങളില്‍ പ്രേഷിത പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ നിയോഗിക്കപ്പെട്ടവര്‍ ഏറെയും ഇവിടെനിന്നായി. സ്വാതന്ത്ര്യലബ്ധിക്കുശേഷം അവരുടെ പ്രവര്‍ത്തനങ്ങള്‍ ക്രമസമാധാനത്തിനും ജനജീവിതത്തിലെ അസ്വാസ്ഥ്യങ്ങള്‍ക്കും ഇടവരുത്തിയതിനാല്‍ മധ്യപ്രദേശ് സര്‍ക്കാര്‍ 1954 ഏപ്രിലില്‍ മിഷനറി പ്രവര്‍ത്തനങ്ങളെക്കുറിച്ച് നിഷ്പക്ഷ അന്വേഷണം നടത്തുന്നതിനു ഒരു സമിതിയെ നിയോഗിച്ചു. അതിനായി മധ്യപ്രദേശ് സര്‍ക്കാര്‍ 1954 ഏപ്രില്‍ 16ന് പുറപ്പെടുവിച്ച പത്രക്കുറിപ്പില്‍ ഇക്കാര്യം വിജ്ഞാപനം ചെയ്തു.
കാലാകാലങ്ങളായി ക്രിസ്ത്യന്‍ മിഷനറിമാര്‍ ബലപ്രയോഗത്താലോ കൃത്രിമമായ പ്രലോഭനങ്ങള്‍ മൂലമോ, സമ്പത്ത് വാഗ്ദാനങ്ങളാലോ, നിരക്ഷര വനവാസികളെയും പിന്നാക്ക വിഭാഗങ്ങളെയും മതപരിവര്‍ത്തനത്തിനു വിധേയരാക്കുന്നുവെന്നും, രാഷ്‌ട്രീയ, മതപരമായ ലക്ഷ്യങ്ങളാണുള്ളതെന്നും പരാതിയുണ്ട്. എന്നാല്‍ ഈ ആരോപണങ്ങളെ മിഷനറിമാര്‍ നിഷേധിക്കുകയും സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും വൈദ്യസഹായവും മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്നും; ക്രൈസ്തവരല്ലാത്ത നാട്ടുകാര്‍ തങ്ങളെ ഉപദ്രവിക്കുകയാണെന്നും മിഷനറിമാര്‍ പറയുന്നു. ഇരുഭാഗത്തും ഇത് പ്രക്ഷോഭത്തിന് വഴിവെക്കുന്നതിനാല്‍ ഈ പ്രശ്‌നങ്ങളെ മൊത്തം നിഷ്പക്ഷമായി അന്വേഷിക്കാന്‍ ഒരു സമിതിയെ സര്‍ക്കാര്‍ നിയോഗിക്കുന്നു.
നാഗ്പൂര്‍ ഹൈക്കോടതിയിലെ മുഖ്യന്യായാധിപനായിരുന്ന ഡോ. എം. ഭവാനീ ശങ്കര്‍ നിയോഗി, മധ്യപ്രദേശിലെ മുന്‍ സ്പീക്കര്‍ ഘനശ്യാം സിംഗ് ഗുപ്ത, ജബല്‍പ്പൂരിലെ എംപി ഡോ. ഗോവിന്ദദാസ്, കീര്‍ത്തിമന്ത് റാവു എംഎല്‍എ, വര്‍ധയിലെ പ്രൊഫ. എസ്.കെ. ജോര്‍ജ്, ബി.പി. പാഠക്, പൊതുജനാരോഗ്യ സെക്രട്ടറി മധ്യപ്രദേശ് എന്നിവരായിരുന്നു അംഗങ്ങള്‍. മിഷനറിമാര്‍ ക്രിസ്തുമത പ്രചാരണത്തിനായി നീതികരിക്കാനാവാത്ത മാര്‍ഗങ്ങളുപയോഗിച്ചുവെന്നു കമ്മിറ്റി രേഖപ്പെടുത്തി.
വിദ്യാലയങ്ങളും ആശുപത്രികളും മതപരിവര്‍ത്തനത്തിനുപയോഗിക്കുന്നുവെന്നാണ് പരാതി. വിദേശികളും അല്ലാത്തവരുമായ മിഷനറിമാര്‍ നല്‍കിയ ഉറപ്പുകളുണ്ടായിട്ടും പരോക്ഷമായി രാഷ്‌ട്രീയ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്റെ തെളിവുകള്‍ സമിതിക്കു മുമ്പാകെ വന്നിട്ടുണ്ട്. മതംമാറ്റം സമൂഹത്തില്‍ രാജ്യത്തോടുള്ള പ്രതിബദ്ധതക്കു ഭീഷണിയും, ആപത്തും സൃഷ്ടിക്കുന്നു.
ഭൂരിപക്ഷ സമുദായത്തിന്റെ മതത്തിനെതിരെ മനഃപൂര്‍വവും ആസൂത്രിതവുമായ വിധത്തില്‍ പ്രവര്‍ത്തിക്കുന്നത് പൊതുസമാധാനത്തിനു ഭീഷണി സൃഷ്ടിക്കുന്നു.
ഭാരതത്തിന്റെ ക്രൈസ്തവവല്‍ക്കരണം ക്രിസ്തുമതത്തിന്റെയും പാശ്ചാത്യ മേധാവിത്തത്തിന്റെയും പുനഃസ്ഥാപനത്തെ ലക്ഷ്യംവച്ചുള്ളതാണെന്നും തോന്നുന്നു. ക്രൈസ്തവേതര സമൂഹത്തില്‍ ക്രിസ്ത്യന്‍ ന്യൂനപക്ഷ കേന്ദ്രങ്ങള്‍ സൃഷ്ടിച്ച് കൂട്ട മതംമാറ്റം നടത്തുന്നത് രാജ്യത്തിന് ഭീഷണിയാകുമെന്ന വിപത്തുമുണ്ട്.
മധ്യപ്രദേശ് ഭരണം മതപരമായ കാര്യങ്ങളില്‍ തികഞ്ഞ നിഷ്പക്ഷതയാണനുവര്‍ത്തിക്കുന്നത്. ക്രിസ്തുമതക്കാര്‍ക്ക് വിവേചനം അനുഭവിക്കേണ്ടിവരുന്നുവെന്ന ആരോപണം തെളിയിക്കപ്പെട്ടിട്ടില്ല. അധികാരസ്ഥാനങ്ങളെ അധിക്ഷേപിക്കാനും, വിദേശരാജ്യങ്ങളില്‍ പ്രചാരണത്തിനുമായുള്ള മിഷനുകളുടെ സ്ഥിരം നയമാണതില്‍ പ്രകടമാകുന്നത്.
പത്തൊമ്പതു ശിപാര്‍ശകളാണ് അന്വേഷണ കമ്മിഷന്‍ നല്‍കിയത്. അതു സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചിരുന്നു. ക്രിസ്ത്യന്‍ മതമേധാവികള്‍, അതിന്റെ കോപ്പികള്‍ ഒന്നടങ്കം വിലക്കുവാങ്ങി നശിപ്പിക്കുകയായിരുന്നു. എന്നാല്‍ അഹമ്മദാബാദിലെ രാഷ്‌ട്രചേതനാ ചാരിറ്റബിള്‍ ട്രസ്റ്റുകാര്‍ അതിന്റെ ഒരു പ്രതി സംഘടിപ്പിക്കുകയും, അതിന്റെ സംഗ്രഹം പ്രസിദ്ധീകരിക്കുകയുമുണ്ടായി. അത് അവര്‍ അന്നു എറണാകുളത്തു പ്രചാരകനായിരുന്ന പരമേശ്വര്‍ജിക്കയച്ചുകൊടുത്തു. അദ്ദേഹം ഭാരതത്തിലെ വിദേശ പാതിരി പ്രവര്‍ത്തനം എന്ന സംഗ്രഹം തയ്യാറാക്കി കേരളത്തില്‍ ഉടനീളം പ്രചരിപ്പിച്ചിരുന്നു. അന്യഥാ അടിയന്തരാവസ്ഥയിലെ അതിക്രമങ്ങളെ അന്വേഷിച്ച ഷാ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ ഗതിയാകുമായിരുന്നു അതും.
ഏതാണ്ട് അക്കാലത്ത് 1957 ല്‍ എറണാകുളത്തുണ്ടായ ഒരു സംഭവം ഓര്‍മ്മയില്‍ വരികയാണ്. ഞാന്‍ പ്രചാരകനായി ഗുരുവായൂര്‍ക്കു പോകാന്‍ അവിടത്തെ കാര്യാലയത്തില്‍ കഴിയുന്ന കാലം. അവിടത്തെ ടി.ഡി റോഡില്‍ ഒരു സ്വകാര്യ സ്‌കൂള്‍ കെട്ടിം ഒഴിഞ്ഞുകിടക്കുന്നുണ്ടായിരുന്നു. മുഴുവന്‍ പ്രദേശവാസികളും ഗൗഡസാരസ്വത സമൂഹക്കാരാണ്. ആ സ്‌കൂളില്‍ പെട്ടെന്നു ഒരു വിദേശ പാതിരിയും ഏതാനും കന്യാസ്ത്രീകളും വന്നു. പ്രഭാഷണങ്ങളും വചനപ്രഘോഷണങ്ങളും പാട്ടും മറ്റും നടത്തിത്തുടങ്ങി. കൊട്ടും പാട്ടും കേള്‍ക്കാന്‍ സമീപവാസികളുമെത്തി. സായിപ്പ് ഇംഗ്ലീഷില്‍ പറയുന്നത് ഉപദേശി മലയാളത്തില്‍ ആവര്‍ത്തിച്ചുകൊണ്ടുള്ള പരിപാടി. സമീപവാസികള്‍ക്ക് ആസ്വദിക്കാന്‍ മറ്റെന്തു വേണം. ആപത്തു മണത്ത സ്വയംസേവകര്‍ കാര്യാലയത്തില്‍ വന്നു പരമേശ്വര്‍ജിെയ വിവരമറിയിച്ചു. ഏതാനും സ്വയംസേവകരുമൊത്ത് അദ്ദേഹമവിടെയെത്തി. ഇതിവിടെ പറ്റില്ല എന്ന് സായിപ്പിനോട് വ്യക്തമായി പറഞ്ഞു. അവര്‍ വാദത്തിനു മുതിര്‍ന്നു. പരമേശ്വര്‍ജിയുടെ വാക്കുകള്‍ക്ക് അവര്‍ മറുപടി പറയാന്‍ വിഷമിച്ചു. അന്നവിടെ പുതിയതായി ജ്ഞാനസ്‌നാനം നടത്തപ്പെട്ട രണ്ടുപേരുടെ വിവാഹം നടത്താന്‍ ശ്രമമുണ്ടായി. അതു നടത്താന്‍ അനുവദിച്ചില്ല. തങ്ങള്‍ പോലീസിനെ വിളിക്കുമെന്നായി സായിപ്പ്. സായിപ്പിന്റെ ഭരണമല്ല ഇപ്പോഴെന്നു പരമേശ്വര്‍ജി ഓര്‍മ്മിപ്പിച്ചപ്പോള്‍ അവര്‍ പത്തിമടക്കി. അവിടെനിന്നും സ്ഥലം വിട്ടു.
നൂറു ശതമാനവും ഹിന്ദുക്കള്‍ താമസിക്കുന്ന എറണാകുളത്തെ ഒരിടത്തുപോലും ഇത്തരം മതപരിവര്‍ത്തനങ്ങള്‍ നടത്തുന്ന പ്രവണത നിലനിന്നിരുന്നു. അപ്പോള്‍ ഛത്തീസ്ഗഡ് പോലത്തെ ഗോത്രവര്‍ഗക്കാരുടെയിടയില്‍ കേപ്പോരും കേള്‍വിയുമില്ലാത്ത ഹിന്ദുസമൂഹ പ്രദേശത്ത് മതംമാറ്റ പ്രവര്‍ത്തനങ്ങള്‍ ചോദ്യം ചെയ്യപ്പെടരുതെന്ന ശാഠ്യം അനുവദിക്കാവുന്നതാണോ എന്ന് ചിന്തിക്കണം.
















