ന്യൂദൽഹി: വിജയകരമായ ബഹിരാകാശ ദൗത്യത്തിനു ശേഷം ആദ്യമായി ഭാരതത്തിലേക്ക് മടങ്ങിയെത്തിയ ബഹിരാകാശയാത്രികൻ ശുഭാംശു ശുക്ല ഇന്ന് പുലർച്ചെ ദൽഹി ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ എത്തി. കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ്ങും ദൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയും അദ്ദേഹത്തെ സ്വീകരിച്ചു.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ് ഇങ്ങനെ എഴുതി: ‘ഭാരതത്തിന് അഭിമാനനിമിഷം! ഇസ്രോയ്‌ക്ക് മഹത്വത്തിന്റെ നിമിഷം! പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഇതിന് വഴിയൊരുക്കിയ ഭരണ സംവിധാനത്തിന് നന്ദി പ്രകടിപ്പിക്കാനുള്ള നിമിഷം. ഭാരതത്തിന്റെ ബഹിരാകാശ മഹത്വം ഭാരതമണ്ണിനെ സ്പർശിക്കുന്നു… ഭാരതമാതാവിന്റെ പ്രതീകാത്മക പുത്രനായ ഗഗനചാരി ശുഭാംശു ശുക്ല ഇന്ന് പുലർച്ചെ ദൽഹിയിൽ. അദ്ദേഹത്തോടൊപ്പം, ഭാരതത്തിന്റെ ആദ്യത്തെ മനുഷ്യ ദൗത്യമായ ഗഗൻയാൻ ദൗത്യത്തിനായി തിരഞ്ഞെടുക്കപ്പെട്ട ബഹിരാകാശയാത്രികരിൽ ഒരാളായ,ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായരും ഉണ്ടായിരുന്നു. അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ദൗത്യത്തിനായി ഭാരതത്തിന്റെ കരുത്തായിരുന്നു ഇരുവരും.
ദൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത, ഐഎസ്ആർഒ ചെയർമാൻ ഡോ.വി. നാരായണൻ എന്നിവരോടൊപ്പം ന്യൂദൽഹി വിമാനത്താവളത്തിൽ ഇരുവരെയും സ്വീകരിക്കാൻ ഭാഗ്യം ലഭിച്ചു, തുടർന്ന് ഒരു കൂട്ടം വിദ്യാർത്ഥികൾ അദ്ദേഹത്തെ സ്വാഗതം ചെയ്തു.’
















