ഇന്ത്യൻ സിനിമ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു കൂലി . സൂപ്പർസ്റ്റാർ രജനീകാന്തിന്റെ 171-ാമത്തെ ചിത്രമായാണ് ഇത് പുറത്തിറങ്ങിയത്. കോളിവുഡിലെ പ്രമുഖ സംവിധായകൻ ലോകേഷ് കനകരാജ് ആണ് ഈ ചിത്രം സംവിധാനം ചെയ്തത്. അദ്ദേഹത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ആറാമത്തെ ചിത്രമായിരുന്നു കൂലി. ഏകദേശം 355 കോടി രൂപയുടെ ബജറ്റിൽ പുറത്തിറങ്ങിയ ചിത്രം പ്രശസ്ത നിർമ്മാണ കമ്പനിയായ സൺ പിക്ചേഴ്സാണ് നിർമ്മിച്ചത്. റോക്ക്സ്റ്റാർ അനിരുദ്ധ് സംഗീതം നൽകി. ബോളിവുഡ് നടൻ ആമിർ ഖാൻ അടക്കം നിരവധി പാൻ-ഇന്ത്യൻ താരങ്ങൾ ഇതിൽ അഭിനയിച്ചു.
കൂലി എന്ന സിനിമയിൽ ദഹാ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്. കൂലി എന്ന ചിത്രത്തിന് 20 കോടി രൂപ പ്രതിഫലം വാങ്ങിയെന്ന വാർത്തകൾ ആമിർ ഖാൻ നിഷേധിച്ചു . “കൂലി എന്ന ചിത്രത്തിന് എനിക്ക് പ്രതിഫലം ലഭിച്ചിട്ടില്ല. രജനീകാന്ത് സാറിനോട് എനിക്ക് അതിരറ്റ ബഹുമാനവും സ്നേഹവുമുണ്ട്. ആ സിനിമയിൽ അദ്ദേഹത്തോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് വലിയൊരു സമ്മാനമായിരുന്നു. അതിനാൽ എനിക്ക് പ്രതിഫലത്തെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിഞ്ഞില്ല” ആമീർ ഖാൻ പറഞ്ഞു.
















