കോട്ടയം: ആഗോള അയ്യപ്പ സംഗമം സെപ്തംബര്‍ 20ന് പമ്പാതീരത്ത് നടക്കും.വിവിധ രാജ്യങ്ങളില്‍ നിന്നായി 3,000 പ്രതിനിധികള്‍ സംഗമത്തില്‍ സംബന്ധിക്കും. കേന്ദ്ര മന്ത്രിമാരും മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ സംഗമത്തിന് എത്തും. ശബരിമലയുടെ പ്രശസ്തി വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാരും ദേവസ്വം ബോര്‍ഡും സഹകരിച്ച് ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നതെന്ന് ദേവസ്വം മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു.ഇത്രയും പ്രതിനിധികള്‍ പങ്കെടുക്കുന്ന അയ്യപ്പ സംഗമം മുന്‍പുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സംഗമത്തോടനുബന്ധിച്ച പത്തനംതിട്ട നഗരം കേന്ദ്രീകരിച്ച് ജില്ലാ ഭരണകൂടം സ്വാഗത സംഘം ഓഫീസ് തുറക്കും. പമ്പ, പെരുനാട്, സീതത്തോട് എന്നിവിടങ്ങളിലും സ്വാഗത സംഘം ഓഫീസുണ്ടാകും. പ്രതിനിധികള്‍ക്ക് കെഎസ്ആര്‍ടിസി ബസ് സൗകര്യം ഏര്‍പ്പെടുത്തും. ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ പ്രതിനിധികള്‍ക്ക് താമസസൗകര്യം ഒരുക്കും. പ്രതിനിധികള്‍ക്ക് ശബരിമല ദര്‍ശനത്തിനുള്ള സൗകര്യവും ഒരുക്കും.
1,300 കോടിയുടെ ശബരിമല മാസ്റ്റര്‍ പ്ലാന്‍ തയാറാക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.ശബരിമല വിമാനത്താവളം, റെയില്‍പാതയടക്കമുള്ള വികസന പ്രവര്‍ത്തനങ്ങളുടെ പ്രാഥമിക നടപടികള്‍ പുരോഗമിക്കുന്നു.പമ്പയിലടക്കമുള്ള ആശുപത്രികളില്‍ ആധുനിക ചികത്സ സൗകര്യം ഉറപ്പാക്കും
















