നെയ്യാറ്റിന്‍കര: പെരുമ്പഴുതൂരിലെ നെയ്യാറ്റിന്‍കര പോളിടെക്‌നിക് കോളജില്‍ പരീക്ഷാഹാളില്‍ വിദ്യാര്‍ത്ഥികളുടെ മുന്നില്‍ പൊട്ടിക്കേണ്ട ചോദ്യപ്പേപ്പര്‍ ആറുദിവസം മുന്‍പ് പൊട്ടിച്ചത് വിവാദത്തില്‍. സംസ്ഥാനത്തെ പോളിടെക്‌നിക് കോളജുകളില്‍ ഈ മാസം 21ന് നടത്താനിരിക്കുന്ന പരീക്ഷയുടെ ചോദ്യപേപ്പറാണ് നേരത്തേ തുറന്നത്.
ഫാഷന്‍ ഡിസൈന്‍ ആന്‍ഡ് ഗാര്‍മെന്റ് ടെക്‌നോളജി കോഴ്‌സിലെ രണ്ടാം വര്‍ഷ ടെക്‌സ്‌റ്റൈല്‍ സയന്‍സ് റഗുലര്‍, സപ്ലിമെന്റ് പരീക്ഷകളുടെ ചോദ്യപേപ്പറിന്റെ കവറാണ് ബുധനാഴ്ച പൊട്ടിച്ചത്. പോസ്‌റ്റോഫീസ് വഴി സുരക്ഷിതമായെത്തിയ കവറാണ് ജീവനക്കാര്‍ പൊട്ടിച്ചത്. ഇക്കാര്യം സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് അറിയുകയും ചോദ്യപേപ്പര്‍ മാറ്റാന്‍ ജോയിന്റ് കണ്‍ട്രോളര്‍ വി.വി. റേ നിര്‍ദേശിക്കുകയും ചെയ്തു. സംസ്ഥാനത്തെ 32 പരീക്ഷാകേന്ദ്രങ്ങളിലും പുതിയ ചോദ്യപ്പേറാകും 21 ലെ പരീക്ഷയ്‌ക്ക് ഉപയോഗിക്കുക.
ജോയിന്റ് കണ്‍ട്രോളര്‍ ഓഫീസില്‍ നിന്നാണ് പരീക്ഷയുടെ ചോദ്യക്കടലാസുകള്‍ അയച്ചുനല്‍കുന്നത്. കവര്‍ നേരത്തേ പൊട്ടിച്ചത് ചില വിദ്യാര്‍ഥികളെ സഹായിക്കാനാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. എസ്എഫ്‌ഐയുടെ ഗുണ്ടാരാജ് നിലവിലുള്ള കാംപസില്‍ നേതാക്കളെ ഭയന്നാണ് ജീവനക്കാര്‍ ജോലി ചെയ്യുന്നത്. സംഭവം മൂടിവെക്കാന്‍ ശ്രമിച്ചെങ്കിലും ജോയിന്റ് കണ്‍ട്രോളറുടെ ഓഫീസ് ഇതു കണ്ടെത്തുകയായിരുന്നു. എന്നാല്‍ ചോദ്യക്കവര്‍ ആണെന്ന് മനസ്സിലാക്കാതെ പൊട്ടിച്ചുപോയതാണെന്നാണ് ജീവനക്കാരുടെ വിശദീകരണം.
















