കോട്ടയം: കോതമംഗലത്തെ ലൗ ജിഹാദുമായി ബന്ധപ്പെട്ട് ജീവനൊടുക്കിയ പെണ്‍കുട്ടി സഭാംഗമാണോയെന്ന് അറിയില്ലെന്ന് യാക്കോബായ സുറിയാനി സഭയുടെ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറിയും കോട്ടയം ഭദ്രാസന മെത്രാപ്പോലീത്തയുമായ തോമസ് മോര്‍ തീമോത്തിയോസ്. വിഷയത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കാന്‍ മെത്രാപ്പോലീത്ത ആദ്യം തയ്യാറായില്ല. മുസ്‌ളീം യുവാവുമായുള്ള പ്രണയത്തെത്തുടര്‍ന്ന് മതപരിവര്‍ത്തനത്തിനു നിര്‍ബന്ധിച്ചുവെന്നതിന്‌റെ പേരില്‍ യാക്കോബായ സഭാംഗമായ 23 കാരി ജീവനൊടുക്കിയിരുന്നു. ലൗ ജിഹാദ് എന്ന നിലയ്‌ക്ക് വലിയ ഒച്ചപ്പാടുണ്ടാക്കിയ ഈ വിഷയത്തിലാണ് സഭാംഗമാണോ പെണ്‍കുട്ടിയെന്ന് തനിക്കറിയില്ലെന്ന് മെത്രാപ്പോലീത്ത പ്രതികരിച്ചത്. വിവാദമായതിനാല്‍ കൂടുതല്‍ പ്രതികരിക്കുന്നില്ലെന്നും ഇത്തരം സംഭവങ്ങള്‍ നിര്‍ഭാഗ്യകരമാണെന്നും മാധ്യമപ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് മറുപടിയായി അദ്‌ദേഹം പറഞ്ഞു.
ഗ്ലോബല്‍ മലയാളി ക്രിസ്ത്യന്‍ ഫോറത്തിന്റെ ഉദ്ഘാടനത്തെക്കുറിച്ച് കോട്ടയം പ്രസ് ക്‌ളബില്‍ വിശദീകരിക്കുകയായിരുന്നു തോമസ് മോര്‍ തീമോത്തിയോസ് മെത്രാപ്പോലീത്ത.
















