കൊച്ചി : താര സംഘടന ‘അമ്മ’യുടെ പുതിയ നേതൃത്വത്തിന് ആശംസ നേര്‍ന്ന് സൂപ്പര്‍ താരം മമ്മൂട്ടി. സംഘടനയെ കൂടുതല്‍ ഉയരങ്ങളിലേക്ക് നയിക്കാന്‍ നേതൃത്വത്തിന് കഴിയട്ടെ എന്ന് ആശംസിക്കുന്നുവെന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ മമ്മൂട്ടി കുറിച്ചു.ചികിത്സയ്‌ക്കായി ചെന്നൈയിലായതിനാല്‍ മമ്മൂട്ടി ഇത്തവണ വോട്ട് ചെയ്യാന്‍ എത്തിയിരുന്നില്ല.
ഇതാദ്യമായി അമ്മയുടെ നേതൃനിരയിലേക്ക് വനിതകള്‍ തിരഞ്ഞെടുക്കപ്പെട്ടെന്ന പ്രത്യേകതയുണ്ട്. ദേവനെ 27 വോട്ടിന് തോല്‍പ്പിച്ച് ശ്വേതാ മേനോന്‍ പ്രസിഡന്റ് സ്ഥാനത്തേയ്‌ക്ക് തിരഞ്ഞെടുക്കപ്പെട്ടു. കുക്കു പരമേശ്വരന്‍ 57 വോട്ടിന് രവീന്ദ്രനെ തോല്‍പ്പിച്ചു ജനറല്‍ സെക്രട്ടറിയായി.
വൈസ് പ്രസിഡന്റായി ലക്ഷ്മിപ്രിയയും ജയന്‍ ചേര്‍ത്തലയും തിരഞ്ഞെടുക്കപ്പെട്ടു. ജോയിന്റ് സെക്രട്ടറിയായി അന്‍സിബ ഹസന്‍ എതിരില്ലാതെ നേരത്തേ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ട്രഷറര്‍ ഉണ്ണി ശിവപാലാണ്.നാല് വനിതകള്‍ ഉള്‍പ്പെടെ പതിനൊന്ന് അംഗ എക്സിക്യുട്ടീവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു. പുതിയ അംഗങ്ങള്‍ക്ക് ദേവന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.
















