ന്യൂദല്‍ഹി: റഷ്യയില്‍ നിന്നോ യുഎസ് ഉള്‍പ്പെടെയുള്ള മറ്റ് രാജ്യങ്ങളില്‍ നിന്നോ എണ്ണ ഇറക്കുമതി കൂട്ടാനോ കുറയ്‌ക്കാനോ കേന്ദ്ര സര്‍ക്കാര്‍ ഒരുനിര്‍ദേശവും നല്‍കിയിട്ടില്ലെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ അര്‍വിന്ദര്‍ സിങ് സാഹ്നി വ്യക്തമാക്കി. ട്രംപ് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് പിഴ തീരുവ ഏര്‍പ്പെടുത്തിയ ശേഷവും റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ കുറച്ചിട്ടില്ല. റഷ്യന്‍ എണ്ണ വാങ്ങുന്നതിന് പിന്നില്‍ വിപണിയിലെ വിലക്കുറവു മാത്രമാണ് കാരണം. ഇന്ത്യയുടെ തീരുമാനങ്ങള്‍ സാമ്പത്തിക ഭദ്രതയെ അടിസ്ഥാനമാക്കിയുള്ളതാണെന്നും യുഎസിന്റെ രാഷ്‌ട്രീയ സമ്മര്‍ദത്തിന് വഴങ്ങിയിട്ടില്ലെന്നും അദ്‌ദേഹം പറഞ്ഞു.
2022 ഫെബ്രുവരിക്ക് മുമ്പ് ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ ഒരു ശതമാനത്തില്‍ താഴെ മാത്രമായിരുന്നു റഷ്യന്‍ ക്രൂഡ് ഓയില്‍. റഷ്യ കുറഞ്ഞ വില വാഗ്ദാനം ചെയ്തതോടെ ഇന്ത്യ ഇറക്കുമതി വര്‍ദ്ധിപ്പിക്കാന്‍ തയ്യാറായി. മുമ്പ് ഒരു ബാരലിന് 40 ഡോളര്‍ വരെ കിഴിവ് ലഭിച്ചിരുന്നു. സാമ്പത്തികമായി ലാഭകരമാണെങ്കില്‍ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരും. 2022 ല്‍ യുക്രെയ്ന്‍ അധിനിവേശത്തോടെ റഷ്യയ്‌ക്ക് മേല്‍ പാശ്ചാത്യ രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തിലാണ് ഇന്ത്യ റഷ്യന്‍ എണ്ണയുടെ ഏറ്റവും വലിയ ഉപഭോക്താവായി മാറിയത്.
















