കോതമംഗലം: ലൗ ജിഹാദില്‍പ്പെട്ട് കറുകടം സ്വദേശി സോന എല്‍ദോസ് ആത്മഹത്യ ചെയ്ത കേസില്‍ പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുന്നത് വരെ എല്ലാ പിന്തുണയും നല്‍കുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആര്‍.വി. ബാബു.
സോനയുടെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഭവത്തിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട കുടുംബത്തിന് നിയമപരമായ സഹായവും ഹിന്ദു ഐക്യവേദി ഉറപ്പുനല്‍കി. മൂന്ന് വര്‍ഷം മുമ്പ് കളമശേരിയില്‍ അനൂജയും സമാന സാഹചര്യത്തിലാണ് മരിച്ചത്. ലൗ ജിഹാദിന്റെ ഇരകളുടെ ലിസ്റ്റ് നീളുകയാണെന്നും അദ്ദേഹം പറഞ്ഞു.
ലൗ ജിഹാദ് സംഭവങ്ങളില്‍പ്പെട്ട പലരേയും ഹിന്ദു ഐക്യവേദി ഇടപെട്ട് രക്ഷിച്ചിട്ടുണ്ടെന്നും സോനയുടെ സാഹചര്യം നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ ജീവന്‍ നഷ്ടപ്പെടാതെ രക്ഷിക്കാമായിരുന്നുവെന്നും ബാബു പറഞ്ഞു.
സോനയുടെ മരണം നിര്‍ബന്ധിത മതപരിവര്‍ത്തനശ്രമം മൂലം ഉണ്ടായ മാനസികസമ്മര്‍ദ്ദം താങ്ങാനാകാതെയാണെന്ന് ബന്ധുക്കള്‍ ആര്‍.വി. ബാബുവിനെ അറിയിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ. ശിവന്‍, സെക്രട്ടറി എം.സി. സാബു ശാന്തി, ജില്ലാ പ്രസിഡന്റ് പി.സി. ബാബു, ജില്ലാ സെക്രട്ടറി ആ.ഭാ. ബിജു, ജില്ലാ സംഘടനാ സെക്രട്ടറി കെ.എസ്. ശിവദാസ് എന്നിവരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
സോന എല്‍ദോസിന് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോതമംഗലത്ത് 21ന് ഉപവാസ സമരം സംഘടിപ്പിക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് സ്വാമി ദേവചൈതന്യാനന്ദ സരസ്വതിയുടെ നേതൃത്വത്തിലാണ് സമരം.
















