ന്യൂദൽഹി: ഭാരതത്തിന്റെ എഴിപത്തിഒമ്പതാമത് സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് രാജ്യമെങ്ങും ഹർ ഘർ തിരംഗ ആഘോഷിക്കുന്നു. ഹർ ഘർ തിരംഗ ക്യാമ്പയിനിന്റെ ഭാഗമായി അഞ്ച് ലക്ഷത്തോളം ആളുകൾ ഡിജിറ്റൽ സർട്ടിഫിക്കറ്റിന്റെ ഭാഗമായി. കേന്ദ്ര മന്ത്രിമാർ, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, സാമൂഹിക സാംസ്കാരിക മേഖലകളിലെ പ്രമുഖരും വിദ്യാർത്ഥികളുമടക്കം നാനാവിഭാഗത്തിലുള്ള ആളുകൾ ഹർ ഘർ തിരംഗയുടെ ഭാഗമാവുകയാണ്.
ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ആരംഭിച്ച ഹർ ഘർ തിരംഗ ക്യാമ്പയിൻ രാജ്യത്തെ സകലമാന ജനങ്ങളും എറ്റെടുത്തു. രാജ്യത്തിന്റെ ദേശീയ പതാക ഓരോ പൗരന്റെയും അഭിമാനം ആവുകയെന്ന ലക്ഷ്യം കൈവരിച്ചു. വീടുകളിലും സ്ഥാപനങ്ങളിലും പതാകകൾ ഉയർത്തി അഞ്ചു ലക്ഷത്തിലധികം പേർ ഇതിനോടകം ഹർ ഘർ തിരംഗ ഡിജിറ്റൽ ക്യാമ്പയിനിന്റെ ഭാഗമായി സർട്ടിഫിക്കറ്റുകൾ നേടി. ഈ മാസം രണ്ടു മുതൽ ആരംഭിച്ച ഡിജിറ്റൽ ക്യാമ്പയിൻ ഇന്ന് അവസാനിക്കും.
















