എറണാകുളം : തൃക്കാക്കര കൊച്ചിന്‍ പബ്ലിക് സ്‌കൂളില്‍ വൈകി എത്തിയതിന് വിദ്യാര്‍ഥിയെ ഇരുട്ട് മുറിയില്‍ ഒറ്റക്ക് ഇരുത്തി.വെയിലത്ത് ഗ്രൗണ്ടില്‍ ഓടിച്ച ശേഷമായിരുന്നു ഒറ്റയ്‌ക്ക് മുറിയില്‍ ഇരുത്തിയത്. തുടര്‍ന്ന് രക്ഷിതാക്കളെ വിളിച്ചുവരുത്തി.
കുട്ടിയെ ടി സി നല്‍കി പറഞ്ഞു വിടുമെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞുവെന്നും രക്ഷിതാക്കള്‍ കുറ്റപ്പെടുത്തി. വൈകി വന്നാല്‍ വെയിലത്ത് ഓടിക്കുമെന്നും പറഞ്ഞു.എന്നാല്‍ മാനേജ്‌മെന്റിന്റെ സ്‌കൂള്‍ ബസ് വൈകിയെത്തിയാലും കുഴപ്പമില്ലെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്.
സംഭവത്തില്‍ കുട്ടിയുടെ രക്ഷിതാക്കളും ബന്ധുക്കളും പ്രതിഷേധിച്ചു. രക്ഷിതാക്കളും സ്‌കൂള്‍ അധികൃതരുമായി തര്‍ക്കം രൂക്ഷമാവുകയും പ്രിന്‍സിപ്പലിനെ സസ്പെന്‍ഡ് ചെയ്യണമെന്ന ആവശ്യം രക്ഷിതാക്കള്‍ ഉയര്‍ത്തുകയും ചെയ്തു.
എന്നാല്‍ കുട്ടികള്‍ അച്ചടക്കം പാലിക്കാനായി കുറച്ച് കര്‍ശനമായ നടപടികള്‍ സ്വീകരിക്കാറുണ്ടെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.കുട്ടികള്‍ സന്തോഷത്തോടെ ജോഗിംഗ് ആണ് ചെയ്യുന്നത്.മഴയത്തും വെയിലത്തും കുട്ടികളെ ഓടിക്കാറുമില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. കുട്ടികള്‍ ചട്ടങ്ങള്‍ അനുസരിക്കുന്നില്ലെങ്കില്‍ ടിസി നല്‍കുമെന്ന് പ്രിസിപ്പലാണ് പറഞ്ഞത്.
കുട്ടിയുടെ പിതാവ് റിയാസ് തൃക്കാക്കര പൊലീസില്‍ പരാതി നല്‍കി. സ്‌കൂള്‍ മാനേജ്‌മെന്റിനും പരാതി നല്‍കി.പരാതി ലഭിച്ചാല്‍ പിടിഎ ചേര്‍ന്ന് തീരുമാനം എടുക്കുമെന്ന് സ്‌കൂള്‍ മാനേജ്‌മെന്റ് അറിയിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി സ്‌കൂള്‍ അധികൃതരോട് വിശദീകരണം തേടി.















