മലപ്പുറം: പാണ്ടിക്കാടുള്ള പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടു പോയതായി പരാതി. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന വട്ടിപ്പറമ്പത്ത് ഷമീറിനെ പിന്നില്‍ നിന്നു വന്ന കാര്‍ ഇടിച്ച് വീഴ്‌ത്തിയ ശേഷം തട്ടിക്കൊണ്ടുപോകുകയായിരുന്നു. ചൊവ്വാഴ്ച രാത്രി എട്ടിന് പാണ്ടിക്കാട് ജിഎല്‍പി സ്‌കൂളിന് സമീപത്ത് വച്ചാണ് തട്ടിക്കൊണ്ടുപോയത്. മോചനദ്രവ്യം ആവശ്യപ്പെട്ട് ഫോണ്‍ കോള്‍ വന്നതായി ഷമീറിന്റെ ഭാര്യ മൊഴി നല്‍കി. ഭാര്യയെ ബൂധനാഴ്ച ഫോണില്‍ വിളിച്ച് 1.6 കോടി മൂല്യമുള്ള ദുബായിലെ ചെക്കുകള്‍ കൈമാറണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഷമീറിനെ തട്ടിക്കൊണ്ടു പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. കാര്‍ വണ്ടൂര്‍ ഭാഗത്തേക്കാണ് പോയത്. പ്രതികളെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഷമീറുമായുള്ള സാമ്പത്തിക ഇടപാടുകളും പോലീസ് പരിശോധിച്ചു വരികയാണ്. സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അറിയില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. പെരിന്തല്‍മണ്ണ ഡിവൈഎസ്പിയാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്. ഷമീര്‍ ഈ മാസം നാലിനാണ് വിദേശത്തു നിന്ന് നാട്ടിലെത്തിയത്.
















