കൊച്ചി: അറബിക്കടല്‍ തീരങ്ങളില്‍ തിമിംഗലങ്ങള്‍ ചത്തടിയുന്നത് കഴിഞ്ഞ ഒരു ദശകത്തിനുള്ളില്‍ പത്ത് മടങ്ങ് വര്‍ധിച്ചതായി കണ്ടെത്തല്‍. മണ്‍സൂണിലെ കാലാവസ്ഥയും സമുദ്രോപരിതലം ചൂട് പിടിക്കുന്നതുമാണ് തിമിംഗലങ്ങള്‍ക്ക് വിനയാകുന്നത്.
കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ) നടത്തിയ പഠനത്തില്‍ 2004-2013 കാലയളവില്‍ പ്രതിവര്‍ഷം 0.3 ശതമാനമായിരുന്നത് 2013-2023 കാലയളവില്‍ പ്രതിവര്‍ഷം 3 ശതമാനമായി കുത്തനെ കൂടി. കേരളം, കര്‍ണാടക, ഗോവ തീരങ്ങളിലാണ് തിമിംഗലങ്ങള്‍ ഏറ്റവും കൂടുതല്‍ ചത്തടിയുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. 2023ല്‍ മാത്രം ഒമ്പത് തിമിംഗലങ്ങളാണ് ചത്തടിഞ്ഞത്. കൂടുതലായും ആഗസ്ത്- നവംബര്‍ മാസങ്ങളിലാണ് തിമിംഗലം ചത്ത് തീരത്തടിഞ്ഞത്. കഴിഞ്ഞ 20 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ബ്രൈഡ്‌സ് തിമിംഗലമാണ് കൂടുതലായി ചത്ത് തീരത്ത് അടിയുന്നത്.
ഉയര്‍ന്ന അളവിലുള്ള കപ്പല്‍ ഗതാഗതം, മത്സ്യബന്ധനം, പാരിസ്ഥിതിക ഘടകങ്ങള്‍, ആഴം കുറഞ്ഞ തീരക്കടല്‍ എന്നിവ ഇതിന് ആക്കം കൂട്ടുന്നു. കടലിലെ ശബ്ദമലിനീകരണം, കപ്പല്‍ അപകടങ്ങള്‍, ആവാസകേന്ദ്രങ്ങളുടെ തകര്‍ച്ച എന്നിവ തിമിംഗലങ്ങളുടെ നിലനില്‍പ്പിന് ഭീഷണിയാകുന്നുണ്ട്. കാലവര്‍ഷത്തോടനുബന്ധിച്ച് ഭാരതത്തിലെ പടിഞ്ഞാറന്‍ തീരക്കടലുകളിലെ ഉയര്‍ന്ന ഉത്പാദനക്ഷമത ചെറുമത്സ്യങ്ങളുടെ വര്‍ധനവിന് സഹായകരമാകും. ഇതിനെ ലക്ഷ്യംവെച്ച് തീരക്കടലിലേക്ക് നീങ്ങുന്ന തിമിംഗലങ്ങള്‍ പലപ്പോഴും കരയോട് ചേര്‍ന്ന ആഴം കുറഞ്ഞ പ്രദേശങ്ങളില്‍ കുടുങ്ങുകയോ കരയ്‌ക്കടിയുകയോ ചെയ്യും. ഇതോടൊപ്പം പ്രക്ഷുബ്ധമായ കടല്‍ കാരണം ദിശയറിയാനുള്ള ശേഷി നഷ്ടപ്പെട്ട് തീരത്തെത്തിപ്പെടുന്നതുമാണ് മണ്‍സൂണ്‍ സമയത്ത് തിമിംഗലങ്ങള്‍ ചത്ത് തീരത്തടിയുന്നത് കാരണം. സമുദ്രോപരിതല താപനില കൂടുന്നതും തിമിംഗലങ്ങള്‍ക്ക് വിനയാകുന്നുണ്ട്. ഭാരതത്തിലെ സമുദ്രസസ്തനികളുമായി ബന്ധപ്പെട്ട ദേശീയ ഗവേഷണ പ്രോജക്ടിന് കീഴില്‍ സീനിയര്‍ സയന്റിസ്റ്റ് ഡോ. ആര്‍. രതീഷ്‌കുമാറിന്റെ നേതൃത്വത്തിലായിരുന്നു പഠനം. ഈ ഗുരുതര സാഹചര്യം നേരിടുന്നതിന് ഓരോ പ്രദേശത്തിനും അനുയോജ്യമായ രീതിയിലുള്ള സംരക്ഷണ പദ്ധതികളാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.












