തൃശൂര്‍: കലകളുടെ പൂരത്തിന് തൃശൂര്‍ ഒരുങ്ങുന്നു; 64-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവ സംഘാടക സമിതി രൂപീകരിച്ചു. ജനുവരി 7 മുതല്‍ 11 വരെ അരങ്ങേറുന്ന, 64-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ നടത്തിപ്പിനായി 19 ഉപസമിതികളടങ്ങുന്ന സംഘാടകസമിതി രൂപീകരിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി യോഗം ഉദ്ഘാടനം ചെയ്തു.
25-ഓളം വേദികളിലായി 240-ല്‍ പരം ഇനങ്ങളില്‍ 14,000-ത്തിലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. സസ്‌കൂള്‍തല മത്സരങ്ങള്‍ ഒക്ടോബര്‍ 10-നകവും, സബ്ജില്ലാതല മത്സരങ്ങള്‍ ഒക്ടോബര്‍ അവസാനവാരത്തിലും, ജില്ലാതല മത്സരങ്ങള്‍ നവംബര്‍ 30-നകവും പൂര്‍ത്തിയാക്കും.
തുടര്‍ച്ചയായി മൂന്നുവര്‍ഷം വിധികര്‍ത്താക്കളായി വന്നവരെ ഈ വര്‍ഷം മുതല്‍ ഒഴിവാക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കിയിട്ടുണ്ട്. കലോത്സവത്തിന്റെ ഭക്ഷണവിതരണത്തിന് ആവശ്യമായ പച്ചക്കറികളും മറ്റു വിഭവങ്ങളും ഓരോ വിദ്യാര്‍ത്ഥിയുടെയും വീട്ടില്‍നിന്ന് ശേഖരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്. തൃശൂരിലെ പരമാവധി സ്‌കൂളുകളില്‍ സ്വര്‍ണക്കപ്പുമായി യാത്ര നടത്തുന്നതും പരിഗണനയിലുണ്ട്. എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകളിലെ കുട്ടികളെ കലോത്സവം കാണുവാനും ആസ്വദിക്കുവാനും വേദിയില്‍ എത്തിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ അധ്യാപകര്‍ക്ക് നിര്‍ദേശം നല്കി. തൃശൂര്‍ കോര്‍പറേഷന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന യോഗത്തില്‍ മന്ത്രി അഡ്വ. കെ. രാജന്‍ അധ്യക്ഷനായി. മന്ത്രി ഡോ. ആര്‍. ബിന്ദു മുഖ്യാതിഥിയായി. പൊതുവിദ്യാഭ്യാസ വകുപ്പ് അഡീ. ഡയറക്ടര്‍ ഡോ. എസ്. ചിത്ര സംഘാടക സമിതി ഘടന അവതരിപ്പിച്ചു.












