ന്യൂദൽഹി : മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്‌നയ്‌ക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നോട്ടീസ് അയച്ചു. വാതുവെപ്പ് കേസിൽ ചോദ്യം ചെയ്യുന്നതിനായി ബുധനാഴ്ച സുരേഷ് റെയ്‌നയെ ഇഡി ഓഫീസിലേക്ക് വിളിപ്പിച്ചത്. 1xBet വാതുവെപ്പ് ആപ്പ് കേസിലാണ് സുരേഷ് റെയ്‌നയ്‌ക്ക് ഇഡി നോട്ടീസ് നൽകിയിട്ടുള്ളത്. ഈ അന്വേഷണം ദൽഹിയിലെ ഇഡി ആസ്ഥാനത്ത് നടക്കും. അവിടെയാണ് സുരേഷ് റെയ്‌ന എത്തുക. ഈ ആപ്പിന്റെ ബ്രാൻഡ് അംബാസഡറാണ് സുരേഷ് റെയ്‌ന.
അതേ സമയം സുരേഷ് റെയ്‌നയെ കൂടാതെ നിരവധി ക്രിക്കറ്റ് താരങ്ങളും ബോളിവുഡ് സെലിബ്രിറ്റികളും ഇഡിയുടെ നിരീക്ഷണത്തിലാണ്. അടുത്തിടെ ഹൈദരാബാദിലെ മിയാപൂർ പോലീസ് വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ വാതുവെപ്പ് ആപ്പുകൾ പ്രോത്സാഹിപ്പിച്ചതിന് 25 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. അഭിനേതാക്കളായ റാണ ദഗ്ഗുബതി, പ്രകാശ് രാജ്, മഞ്ചു ലക്ഷ്മി, നിധി അഗർവാൾ എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
മാർച്ച് 17 ന് ഹൈദരാബാദിലെ വെസ്റ്റേൺ സോൺ പോലീസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വാതുവെപ്പ് ആപ്പുകൾ പ്രോത്സാഹിപ്പിച്ചതിന് മൂന്ന് സ്ത്രീകൾ ഉൾപ്പെടെ 11 പേർക്കെതിരെ ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. ഈ പ്ലാറ്റ്‌ഫോമുകൾ ചൂതാട്ട നിയമങ്ങളും ചട്ടങ്ങളും നേരിട്ട് ലംഘിക്കുന്നതായി പോലീസ് കണ്ടെത്തിയിരുന്നു.
പോലീസിന്റെ അഭിപ്രായത്തിൽ, ഈ വാതുവെപ്പ് പ്ലാറ്റ്‌ഫോമുകൾ പ്രത്യേകിച്ച് യുവാക്കളെയും മുതിർന്നവരെയും ലക്ഷ്യമിടുന്നു. എളുപ്പത്തിലുള്ള ചൂതാട്ട സൗകര്യങ്ങൾ നൽകുന്നതിലൂടെ, വാതുവെപ്പ് ആപ്പുകൾ വഴി ധാരാളം പണം സമ്പാദിക്കാൻ കഴിയുമെന്ന് തൊഴിലില്ലാത്ത യുവാക്കൾക്ക് തെറ്റായ പ്രതീക്ഷ നൽകുന്നു. ആരും നിയമവിരുദ്ധമായി വാതുവെപ്പ് ആപ്പുകൾ പ്രോത്സാഹിപ്പിക്കരുതെന്നുമാണ് പോലീസ് വ്യക്തമാക്കുന്നത്.
















