ലഖ്നൗ: ബിജെപിക്കാര്‍ കര്‍ണ്ണാടകത്തിലെ ഒരു വീട്ടില്‍ 80 വോട്ടര്‍മാരെ വ്യാജമായി ചേര്‍ത്തുവെന്നും ഇങ്ങനെയാണ് മഹാദേവപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥി ജയിച്ചതെന്നും ആരോപിച്ച കോണ്‍ഗ്രസ് നേതാവ് രാഹുലിനെതിരെ ടൈംസ് നൗ നവഭാരതിന്റെ കണ്ടെത്തല്‍. രാഹുല്‍ മത്സരിച്ച് ജയിച്ച റായ്ബറേലിയില്‍ പൂജ്യം എന്ന നമ്പറുള്ള വീട്ടില്‍ 27 വോട്ടര്‍മാര്‍ ഉണ്ടെന്നാണ് ടൈംസ് നൗ റിപ്പോര്‍ട്ട്. റായ്ബറേലിയിലെ മറ്റു രണ്ടു വീടുകളില്‍ 18 പേര്‍ വീതമാണ് ഉള്ളത്. മുന്‍പ് സ്ഥിരമായി സോണിയയും ഇപ്പോള്‍ രാഹുലും ജയിച്ച മണ്ഡലമാണിത്.
മഹാദേവപുരത്ത് വ്യാജവോട്ടര്‍മാരെ ചേര്‍ത്ത് തട്ടിപ്പു നടത്തിയാണ് ബിജെപി എംപി ജയിച്ചതെങ്കില്‍ റായബറേലിയില്‍ രാഹുലും ജയിച്ചത് അങ്ങനെയല്ലേയെന്നാണ് ചോദ്യം. മഹാദേവപുരത്തേത് ക്രമക്കേടാണെങ്കില്‍ റായ്ബറേലിയിലെയും ക്രമക്കേട് അല്ലേ? ടൈംസ് നൗ ചോദിക്കുന്നു. പല ഗ്രാമങ്ങളിലും വീടുകള്‍ക്ക് ഔദ്യോഗിക നമ്പറുകള്‍ ഇല്ല, ഇത് കള്ളക്കളിയൊന്നുമല്ല, വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
അതിനാല്‍ നമ്പര്‍ രേഖപ്പെടുത്തേണ്ട ഭാഗത്ത് പൂജ്യം എന്നാകും രേഖപ്പെടുത്തുക. കൂട്ടുകുടുംബങ്ങളിലും ഒരേ വീട്ടു പേരില്‍ നിരവധി പേര്‍ ഉണ്ടാകാം, പ്രത്യേകിച്ച് ഗ്രാമങ്ങളില്‍. അപാകതകള്‍ കണ്ടെത്തിയാല്‍ തെര. കമ്മിഷന്‍ അത് തിരുത്തും. അതാണ് പതിവ്. എന്നാല്‍ ബീഹാറില്‍ അടക്കം ഇത്തരം അപാകതകള്‍ തിരുത്തുന്നതിനെ എതിര്‍ക്കുകയാണ് രാഹുല്‍.
















