കോട്ടയം: വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി പാലായില്‍ മല്‍സരിക്കാന്‍ ധൈര്യപ്പെടില്ലെന്ന അഭ്യൂഹം ശക്തമാവുന്നു. പാര്‍ട്ടിയുടെ ആസ്ഥാന മണ്ഡലവും പിതാവ് കെ. എം മാണിയുടെ കുത്തകയുമായിരുന്ന പാലായില്‍ കഴിഞ്ഞ തവണ നേരിട്ട ദയനീയ തോല്‍വിയുടെ ആഘാതവും അപമാനവും ജോസിന് ഇനിയും മാറിയിട്ടില്ല. ഇനിയൊരിക്കല്‍ കൂടി പരാജയപ്പെട്ടാല്‍ ജോസ് കെ. മാണിയുടെ രാഷ്‌ട്രീയ ഭാവി അസ്തമിക്കുമെന്ന് ഉറപ്പാണ്. കഴിഞ്ഞ തവണ തോല്‍പ്പിച്ചതിന്‌റെ പേരില്‍ പാലാ നിയോജകമണ്ഡലത്തിലെ വികസനങ്ങള്‍ക്ക് ജോസ് കെ.മാണി പാരവയ്‌ക്കുന്നുവെന്ന ആക്‌ഷേപം ശക്തമാണ്. വര്‍ഷങ്ങളായി പാതിവഴിയില്‍ നിര്‍മ്മാണം നിലച്ച നഗരത്തിലെ ലണ്ടന്‍ മോഡല്‍ ബ്രിഡ്ജും റിവര്‍വ്യൂ റോഡും കളരിയാമ്മാക്കല്‍ പാലവും അടക്കം ഒട്ടനവധി കാര്യങ്ങള്‍ ഈ ആരോപണം ഉന്നയിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തില്‍ പാലായില്‍ ഇനി ജയിക്കുക അസാധ്യമെന്നു തന്നെയാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. പാലാ വിട്ട് കടുത്തുരുത്തി മണ്ഡലത്തില്‍ ജനവിധി തേടാനുള്ള സാധ്യതയാണ് പാര്‍ട്ടി ആലോചിക്കുന്നത്. ഇക്കാര്യം പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും മന്ത്രിയുമായ റോഷി അഗസ്റ്റിന്‍ കഴിഞ്ഞ ദിവസം സൂചിപ്പിക്കുകയും ചെയ്തു. പരമ്പരാഗത ക്രൈസ്തവ വിശ്വാസികളും കന്യസ്ത്രീമഠങ്ങളും വിധി നിര്‍ണ്ണയിക്കുന്ന പാലായില്‍ മതവിശ്വാസ ഘാതകരായ ഇടതു മുന്നണിയില്‍ക്കൊപ്പം ഇനിയും നില്‍ക്കുന്നത് ആത്മഹത്യാപരമാണെന്ന നിലപാടും കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുണ്ട്.
















