കൊച്ചി:ഫിലിം ചേംബര്‍ ജനറല്‍ സെക്രട്ടറി സജി നന്ത്യാട്ട് രാജിവച്ചു. സംഘടനാ നേതൃത്വത്തിലെ ചിലരുമായുള്ള അഭിപ്രായ ഭിന്നതകളാണ് രാജിക്ക് കാരണം. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പ് സംബന്ധിച്ച വിവാദങ്ങളില്‍ സജി നന്ത്യാട്ട് സാന്ദ്ര തോമസിന് പിന്തുണ നല്‍കിയിരുന്നു.
പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ്, ട്രഷറര്‍ സ്ഥാനങ്ങളിലേക്ക് മത്സരിക്കാന്‍ സാന്ദ്ര തോമസ് സമര്‍പ്പിച്ച പത്രിക വരണാധികാരി തള്ളിയിരുന്നു.ചുരുങ്ങിയത് മൂന്ന് ചിത്രങ്ങള്‍ നിര്‍മ്മിച്ചാലേ അംഗത്തിന് മത്സരിക്കാനാവൂ എന്ന നിയമാവലി ചൂണ്ടിക്കാട്ടിയാണ് വരണാധികാരി പത്രിക തള്ളിയത്.
സാന്ദ്ര തോമസിന്റെ ഉടമസ്ഥതയില്‍ ഉളള നിര്‍മ്മാണ കമ്പനി സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സ്, ലിറ്റില്‍ ഹാര്‍ട്‌സ്, നല്ല നിലാവുള്ള രാത്രി എന്നീ ചിത്രങ്ങള്‍ മാത്രമേ നിര്‍മ്മിച്ചിട്ടുളളൂ എന്നാണ് വരണാധികാരി പറഞ്ഞത്. എന്നാല്‍ മറ്റൊരു കമ്പനിയുടെ മാനേജിംഗ് പാര്‍ട്‌നര്‍ താനായിരുന്നുവെന്നും ആ ബാനറില്‍ എടുത്ത ചിത്രങ്ങള്‍ തന്റെ പേരിലാണ് സെന്‍സര്‍ ചെയ്തിരിക്കുന്നതെന്നും സാന്ദ്ര വാദിച്ചു.
വിജയ് ബാബുവുമായി ചേര്‍ന്ന് ചിത്രങ്ങള്‍ നിര്‍മ്മിച്ച ഫ്രൈഡേ ഫിലിം ഹൗസിന്റെ കാര്യമാണ് സാന്ദ്ര ചൂണ്ടിക്കാട്ടിയത്. ഒരു സ്ഥിരം അംഗത്തിന് മൂന്ന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടെങ്കില്‍ മത്സരത്തിന് യോഗ്യതയുണ്ടെന്നാണ് സംഘടനാ നിയമാവലിയില്‍ പറയുന്നത്. ഒന്‍പത് സിനിമകള്‍ തന്റെ പേരില്‍ സെന്‍സര്‍ ചെയ്തിട്ടുണ്ടെന്നും സാന്ദ്ര തോമസ് പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചിരിക്കുകയാണ് സാന്ദ്ര തോമസ്.
















