ന്യൂദല്‍ഹി: ഒരൊറ്റ തെരുവ് നായയെപ്പോലും ദല്‍ഹിയിലെ തെരുവുകളില്‍ കണ്ടുപോകരുതെന്ന ശക്തമായ വിധി പുറപ്പെടുവിച്ച സുപ്രീംകോടതി ഇത്തവണ തെരുവ് നായ സ്നേഹികള്‍ക്കെതിരെ ആഞ്ഞടിച്ചത് വര്‍ഷങ്ങളായി തെരുവ് നായ്‌ക്കളുടെ പേരില്‍ ജീവിച്ചിരുന്ന വലിയൊരു സമൂഹത്തിന് ഞെട്ടലുണ്ടാക്കി. തെരുവ് നായയെക്കുറിച്ച് ഒരു പരാതിയുണ്ടായാല്‍ നാല് മണിക്കൂറിനകം ആ നായയെ പിടികൂടിയിരിക്കണം. അതിനെ എതിര്‍ക്കാന്‍ വരുന്ന തെരുവ് നായസ്നേഹികളെയും തെരുവ് നായയുമായി ബന്ധപ്പെട്ട സംഘടനാപ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്യാം. – ഇത്രയും ശക്തമായി സുപ്രീംകോടതി ഇതിന് മുന്‍പ് തെരുവ് നായകളെ സംരക്ഷിക്കാന്‍ നടക്കുന്ന സംഘടനകള്‍ക്കെതിരെ പ്രതികരിച്ചിട്ടില്ല.
അതി ശക്തമായിരുന്നു ഇക്കുറി സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദേശങ്ങള്‍:
1. പേപ്പട്ടിയുടെ കടിയേറ്റ് മരിക്കുന്ന കുട്ടികളെ ജീവിതത്തിലേക്ക് വീണ്ടും മടക്കി ക്കൊണ്ടുവരാന്‍ തെരുവ് നായസ്നേഹികള്‍ എന്ന് അവകാശപ്പെടുന്ന മൃഗസ്നേഹികള്‍ക്ക് കഴിയുമോ?
2. പേപ്പട്ടികളുടെ കാര്യത്തില്‍ നല്ലത്, ചീത്ത, അങ്ങേയറ്റം ചീത്ത എന്നിങ്ങനെ തരംതിരിവുകള്‍ വേണ്ട. പേപ്പട്ടിയെന്ന് ബോധ്യപ്പെട്ടാല്‍ വെടിവെച്ച് ഉടന്‍ കൊല്ലണം.
3. കുട്ടികള്‍ക്ക് തെരുവ് നായ്‌ക്കളുടെ കടിയേല്‍ക്കും എന്ന ഭയമില്ലാതെ തെരുവില്‍ നടക്കാന്‍ കഴിയുന്ന സാഹചര്യം ഉണ്ടാകണം.
4. എട്ടാഴ്ചയ്‌ക്കുള്ളില്‍ ഷെല്‍റ്ററുകള്‍ ഉയര്‍ത്തിയത് സംബന്ധിച്ചും തെരുവ് നായ്‌ക്കളെ അങ്ങോട്ട് മാറ്റിയ കാര്യവും ദല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ അധികൃതര്‍ റിപ്പോര്‍ട്ട് ചെയ്യണം. അധികൃതരുടെ പ്രവര്‍ത്തനങ്ങള്‍ എല്ലാം സിസിടിവി ക്യാമറയില്‍ പകര്‍ത്തണം.
5. ഹെല്‍പ് ലൈനുകള്‍ ഉടന്‍ ഉണ്ടാക്കണം. തെരുവ് നായ്‌ക്കളുടെ കടിയേല്‍ക്കല്‍, പേവിഷബാധ എന്നിവ അപ്പപ്പോള്‍ ഈ ഹെല്‍പ് ലൈനുകളില്‍ അറിയിക്കണം.
6.തെരുവ് നായ്‌ക്കളെക്കുറിച്ച് ഒരു പരാതിയുണ്ടായാല്‍ നാല് മണിക്കൂറുകള്‍ക്കകം ആ നായയെ പിടികൂടിയിരിക്കണം. ഇതിനെ തടയാന്‍ വരുന്ന തെരുവ് നായസ്നേഹികള്‍ക്കോ സംഘടനയ്‌ക്കോ എതിരായി എന്ത് നടപടി വേണമെങ്കിലും എടുക്കാം.
















