തിരുവനന്തപുരം:ജനറല്‍ ആശുപത്രിക്ക് മുന്നില്‍ കഴിഞ്ഞ ദിവസം കാര്‍ നടപ്പാതയിലേക്ക് പാഞ്ഞ് കയറി അഞ്ചുപേര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ വാഹനം ഓടിച്ച വലിയവിള സ്വദേശി വിഷ്ണുനാഥിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. ഒരു വര്‍ഷത്തേക്കാണ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തത്.
ഡ്രൈവിംഗ് പരിശീലനം നല്‍കിയ അമ്മാവന്‍ വിജയന്റെ ലൈസന്‍സും സസ്‌പെന്‍ഡ് ചെയ്തു. രണ്ടുപേരെയും എടപ്പാള്‍ ഐ ഡി റ്റി ആറില്‍ ഡ്രൈവിംഗ് പരിശീലനത്തിനയക്കും. വിഷ്ണു നാഥ് ഓടിച്ച കാര്‍ ഇടിച്ച് അഞ്ചുപേര്‍ക്ക് പരുിക്കേറ്റതില്‍ നാലുപേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.
പരിക്കേറ്റവരില്‍ മൂന്ന് പേര്‍ ഓട്ടോ ഡ്രൈവര്‍മാരാണ്. രണ്ട് വഴിയാത്രക്കാര്‍ക്കും പരിക്കേറ്റു.ഓട്ടോയില്‍ കയറാന്‍ എത്തിയ സ്ത്രീയെയും പുരുഷനെയും ഇടിച്ചുതെറിപ്പിച്ചു. ഓട്ടോ ഡൈവര്‍മാരായ കുമാര്‍,സുരേന്ദ്രന്‍,ഷാഫി എന്നിവരെയാണ് ഇടിച്ചുതെറിപ്പിച്ചത്. ഇതില്‍ കുമാര്‍ ഒഴികെ മറ്റു നാല് പേരുടെയും പരിക്ക് ഗുരുതരമാണ്.ഓട്ടോയില്‍ കയറാന്‍ എത്തിയ സ്ത്രീയെയും പുരുഷനെയും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
ബ്രേക്കിന് പകരം ആക്സിലേറ്റര്‍ ചവിട്ടിയതാണ് അപകടകാരണമെന്ന് ആര്‍ടിഒ അറിയിച്ചു ഗുരുതര പരിക്കേറ്റ നാല് പേരും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചിക്തസയിലാണ്. കന്റോമെന്റ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നു.
















