കൊല്ലം: കൊട്ടാരക്കരയിൽ പെൺകുട്ടിയെ മതം മാറ്റാൻ ശ്രമിച്ച കേസിൽ പ്രതിക്കെതിരെ കെസെടുത്തിട്ടും അറസ്റ്റ് വൈകുന്നു. കൊട്ടാരക്കര പോലീസ് നിസംഗത കാണിക്കുന്നതായി കുടുംബം ആരോപിച്ചു. പോക്സോ വകുപ്പ് പ്രകാരമാണ് ഓയൂർ സ്വദേശി അൻവർ ഷായ്‌ക്കെതിരെ പോലീസ് കേസെടുത്തത്.
കുടുംബം കൊട്ടാരക്കര പോലീസിൽ പരാതി നൽകിയതിനു പുറമേ ഉന്നത പോലീസുദ്യോഗസ്ഥരെ കണ്ട് വിവരങ്ങൾ ധരിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതുവരെയും പോലീസിന്റെ ഭാഗത്ത് നിന്നും നടപടികളൊന്നും ഉണ്ടായിട്ടില്ല. പ്ലസ് ടു വിന് പഠിക്കുകയായിരുന്ന പെൺകുട്ടിയോട് കഴിഞ്ഞ കുറച്ച് കാലാങ്ങളായി അൻവർ ഷാ അടുപ്പം കാണിക്കുകയും പ്രണയത്തിലാവുകയും ചെയ്തിരുന്നു. തുടർന്ന് മതം മാറ്റാൻ നിർബന്ധിക്കുകയായിരുന്നു.
സത്യസരണിയിൽ കൊണ്ടുപോകാമെന്നും അവിടെ പതിനഞ്ചു ദിവസത്തെ ക്ലാസുണ്ടാകുമെന്നും പെൺകുട്ടിയോട് യുവാവ് പറഞ്ഞിരുന്നു. വിവരം പെൺകുട്ടിയുടെ അമ്മ അറിഞ്ഞതോടെയാണ് നിയമ നടപടികളിലേക്ക് കുടുംബം കടന്നത്. പരാതി നൽകിയതോടെ കുടുംബത്തിനെതിരെ ഭീഷണി ഉയർന്നിരുന്നു. എന്നിട്ടും പോലീസ് പ്രതിയെ പിടികൂടാൻ തയാറാകുന്നില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്.
ഈ യുവാവിനെതിരെ മറ്റൊരു പെൺകുട്ടിയും നേരത്തെ പൂയപ്പള്ളി പോലീസിൽ പരാതി നൽകിയിരുന്നു.
















