തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ദുരവസ്ഥ തുറന്നുപറഞ്ഞ ഡോ. ഹാരിസിനെ കുടുക്കാന്‍ ഒത്താശ ചെയ്ത ഡിഎംഇയുടെ ചുമതലയുള്ള ഡോ. വിശ്വനാഥനെ ചട്ടം ലംഘിച്ച് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറാക്കാന്‍ നീക്കം. പ്രിന്‍സിപ്പല്‍മാരുടെ സീനിയോറിറ്റി അവഗണിച്ചാണ് വിശ്വനാഥനെ നിയമിക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മുന്‍കൈയെടുക്കുന്നത്.
1983ല്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റ് ആരംഭിച്ചത് മുതല്‍ ഏറ്റവും സീനിയറായ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിനെയാണ് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറായി നിയമിക്കുന്നത്.ഈ വര്‍ഷംമാര്‍ച്ചില്‍ റിട്ടയര്‍ ചെയ്ത മെഡിക്കല്‍ ഡയറക്ടറെ വരെ സീനിയോരിറ്റി പ്രകാരമായിരുന്നു നിയമിച്ചത്. സീനിയര്‍ പ്രിന്‍സിപ്പല്‍മാരെ ജില്ലയ്‌ക്ക് പുറത്തുള്ള മെഡിക്കല്‍ കോളജുകളില്‍ പ്രിന്‍സിപ്പലായി നിയമിച്ച ശേഷം മെഡിക്കല്‍ ഡയറക്ടറേറ്റില്‍ പ്രിന്‍സിപ്പലിന് തത്തുല്യമായ ജോയിന്റ് ഡയറക്ടര്‍ തസ്തിക സൃഷ്ടിച്ചാണ് വിശ്വനാഥനെ ഇപ്പോള്‍ നിയമിച്ചിരിക്കുന്നത്. അതിനുശേഷം മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ ചുമതലയും നല്‍കി. ഒരു ദിവസം പോലും വകുപ്പ് മേധാവിയോ, വൈസ് പ്രിന്‍സിപ്പലോ, പ്രിന്‍സിപ്പലോ ആയി ഭരണ പരിചയമില്ലാത്ത ആളെ വീണാ ജോര്‍ജ് നേരിട്ട് ജോയിന്റ് ഡയറക്ടറാക്കുകയും ഡയറക്ടറുടെ ചുമതല നല്‍കുകയുമായിരുന്നു.
സ്ഥിരം ഡയറക്ടര്‍ നിയമനത്തിന്സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ചീഫ് സെക്രട്ടറി ജയ്തിലക്, ആരോഗ്യവകുപ്പ് സെക്രട്ടറി രാജന്‍ കോബ്രഗേഡ്, ആഭ്യന്തര സെക്രട്ടറി വിശ്വനാഥ സിന്‍ഹഎന്നിവര്‍ അടങ്ങുന്ന കമ്മിറ്റിയെയാണ് സര്‍ക്കാര്‍ ഇതിന് ചുമതലപ്പെടുത്തിയത്. സീനിയറായ ആറു പ്രിന്‍സിപ്പല്‍മാരില്‍ നിന്ന് വേണം തെരഞ്ഞെടുപ്പ് നടത്താനെന്നും സര്‍ക്കാര്‍ ഉത്തരവില്‍ നിര്‍ദ്ദേശിച്ചിരുന്നു.
സീനിയോരിറ്റിയില്‍ ആറാമത്തെ ആളാണ് ഡോ. വിശ്വനാഥ്. എന്നിട്ടും വിശ്വനാഥന്‍ ഉള്‍പ്പടെ രണ്ട് പേരെയാണ് കമ്മിറ്റി ശിപാര്‍ശചെയ്തിരിക്കുന്നത്. വിശ്വനാഥനെ ആരോഗ്യ മന്ത്രിയുടെ ശിപാര്‍ശയില്‍ നിയമിക്കാനാണ് നീക്കം. അതേസമയം മുന്‍ ഡയറക്ടര്‍ വിരമിച്ച ഒഴിവില്‍ അടുത്ത സീനിയര്‍ ആയ ഡോ. നിഷയ്‌ക്ക് നിയമനം നല്‍കാത്തതിനാല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചിരിക്കുകയാണ്. അതിനിടയിലാണ് തിരക്കിട്ട് വിശ്വനാഥനെ നിയമിക്കാനുള്ള നീക്കം.
















