ന്യൂദല്‍ഹി: യുഎസിനെതിരെ ഇന്ത്യയുടെ ദേശീയ ആത്മാഭിമാനം കാത്ത് സൂക്ഷിച്ച മോദിയ്‌ക്ക് കയ്യടി ഉയരുന്നു. ഇന്ത്യയ്‌ക്കെതിരെ 50 ശതമാനം വ്യാപാരച്ചുങ്കം ഏര്‍പ്പെടുത്തിയ ട്രംപിന്റെ തീരുമാനം യുഎസിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിക്ക് താല്‍ക്കാലിക തിരിച്ചടി സൃഷ്ടിക്കുമെങ്കിലും പ്രതിപക്ഷനേതാവ് ശരത് പവാറുള്‍പ്പെടെ പ്രതിപക്ഷപാര്‍ട്ടികള്‍ മോദിക്ക് പിന്നില്‍ അണിനിരക്കുന്ന കാഴ്ചയാണ് കാണുന്നത്. രാഹുല്‍ ഗാന്ധിയ്‌ക്ക് പോലും മോദിയ്‌ക്കെതിരെ ശബ്ദിക്കാന്‍ കഴിയുന്നില്ല. ട്രംപിനെതിരെ ഇന്ത്യക്കാരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഉറച്ച നിലപാടെടുത്തോടെ അത്രത്തോളം കരുത്താര്‍ജ്ജിച്ചിരിക്കുന്നു മോദി എന്ന നേതാവ്.
യുഎസ് പ്രസിഡന്‍റ് ട്രംപിന് കീഴടങ്ങുന്നതിന് പകരം ചെറുത്തുനില്‍ക്കുകയായിരുന്നു മോദി. ഇന്ത്യയിലെ കര്‍ഷകരുടെ, ഇന്ത്യയുടെ ക്ഷീരകര്‍ഷകരുടെ താല്‍പര്യങ്ങളെ ഹനിച്ചുകൊണ്ടുള്ള ഒരു വ്യാപാരക്കരാറിന് മോദി തയ്യാറായില്ല എന്നത് ഇന്ത്യയുടെ മൊത്തം കയ്യടി നേടാന്‍ മോദിയെ സഹായിച്ചു. മാത്രമല്ല, വിലക്കുറവില്‍ ഇന്ത്യക്കാര്‍ക്ക് പെട്രോളും ഡീസലും നല്കുന്ന സാഹചര്യമുണ്ടാക്കാനാണ് മോദി ശ്രമിക്കുന്നതെന്ന ചിന്ത ജനങ്ങളില്‍ ഉണ്ടായി. അമേരിക്കയുടെയും യൂറോപ്യന്‍ യൂണിയന്റെയും വിലക്കുകളെ അതിജീവിച്ച് വിലക്കുറവില്‍ ഇന്ത്യയ്‌ക്ക് എണ്ണ നല്‍കാമെന്ന വാഗ്ദാനം റഷ്യയില്‍ നിന്നും ഇന്ത്യ നേടിയെടുത്തിട്ടുണ്ട്. ഇത് യാഥാര്‍ത്ഥ്യമാക്കാന്‍ യുഎസും യൂറോപ്യന്‍ രാജ്യങ്ങളും തടസ്സം നില്‍ക്കുമോ എന്ന് കണ്ടറിയണം.
റഷ്യന്‍ പ്രസിഡന്‍റ് പുടിന്‍, ബ്രസീല്‍ പ്രസിഡന്‍റ് ലുല, ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് എന്നിവരെ ഒന്നിപ്പിച്ച് ഒരു പ്രതിരോധമുന്നണി രൂപപ്പെടുത്തുകയും ചെയ്തു. റഷ്യയും ചൈനയും ബ്രസീലും ഒന്നിച്ച് നിന്നാല്‍ ട്രംപിന്റെ വ്യാപാരച്ചുങ്ക ഭീഷണിയെ ചെറുത്ത് തോല്‍പിക്കാന്‍ സാധിക്കും.
കഴിഞ്ഞ അഞ്ച് വര്‍ഷമായി ചൈനയുമായി ഉരസിയിരുന്ന ഇന്ത്യ ഇപ്പോള്‍ ചൈനയുമായി ചങ്ങാത്തത്തിലേക്ക് നീങ്ങുന്നതിന് പിന്നില്‍ ട്രംപിന്റെ നയങ്ങളാണ്. എത്രയോ വര്‍ഷങ്ങളുടെ ഇടവേളയ്‌ക്ക് ശേഷം ഇന്ത്യന്‍ പ്രധാനമന്ത്രി ചൈനയിലേക്ക് പോകാന്‍ ഒരുങ്ങുകയാണ്. ചൈനയുടെ ഡ്രാഗണും ഇന്ത്യയും ആനയും ചേര്‍ന്ന് നൃത്തം ചെയ്യാന്‍ പോവുകയാണ്. മോദിയുടെ ചൈനാ സന്ദര്‍ശനത്തില്‍ പല പുതിയ പ്രഖ്യാപനങ്ങളും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് പറയുന്നു. 32 തവണയാണ് ഇന്ത്യാ പാക് യുദ്ധം അവസാനിപ്പിച്ചത് തന്റെ മധ്യസ്ഥത കൊണ്ടാണെന്ന് ട്രംപ് പറഞ്ഞത്. 32 തവണയും മോദി ഇക്കാര്യം നിഷേധിച്ചു.പല പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും പറഞ്ഞതുപോലെ മോദി കീഴടങ്ങുകയായിരുന്നില്ല, പകരം ട്രംപിനോട് അഭിപ്രായഭിന്നതകള്‍ തുറന്ന് പറഞ്ഞ് ശക്തമായി നില കൊള്ളുകയായിരുന്നു.ട്രംപിനെതിരെ ഉറച്ച നിലപാടെടുത്ത മോദിയെ ഇക്കാര്യത്തില്‍ തള്ളിക്കളയാന്‍ രാഹുല്‍ ഗാന്ധിക്ക് പോലും കഴിയില്ല. അത്രയ്‌ക്ക് ശക്തമായ ജനപിന്തുണ മോദി നേടിയിരിക്കുന്നു എന്നതിനാല്‍ രാഹുല്‍ ഗാന്ധി പോലും മോദിയുടെ വിദേശനയത്തെ പിന്തുണയ്‌ക്കുകയാണ്.
















