ചെന്നൈ : നടൻ രാഘവ ലോറൻസ് തമിഴ് സിനിമ പ്രേമികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ്. നടൻ എന്നതിലുപരി നിരവധി ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുമുണ്ട്. തമിഴിൽ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ അവസാന ചിത്രം ജിഗർതണ്ട ഡബിൾ എക്സ് ആയിരുന്നു. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ഈ ചിത്രത്തിന് ആരാധകരിൽ നിന്ന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.
ഈ ചിത്രത്തിന് ശേഷം ബുള്ളറ്റ് , ബെൻസ്, കാഞ്ചന 4 തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു. ഇപ്പോഴിതാ അടുത്തിടെ പുറത്തിറങ്ങിയ മഹാവതർ നരസിംഹ എന്ന സിനിമയെ പ്രശംസിച്ച് അദ്ദേഹം പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത് . “മഹാവതർ നരസിംഹ എന്ന സിനിമ കാണുമ്പോൾ ഞാൻ പലയിടത്തും കരഞ്ഞു പോയി “ എന്നാണ് അദ്ദേഹം പറയുന്നത് .
“എന്റെ കുടുംബത്തോടൊപ്പം ശക്തമായ ഒരു സിനിമാറ്റിക് അനുഭവം എനിക്ക് ലഭിച്ചു. ഷൂട്ടിങ്ങിനിടയിൽ വളരെ വൈകിയാണ് ഞാൻ മഹാവതർ നരസിംഹം കണ്ടത്. ഒരു ഭക്തനെന്ന നിലയിൽ, എനിക്ക് ചിത്രവുമായി ആഴത്തിൽ ഇടപഴകാൻ കഴിഞ്ഞു, പല രംഗങ്ങളിലും അത് എന്നെ കണ്ണീരിലാഴ്‌ത്തി,” രാഘവ ലോറൻസ് പറഞ്ഞു.
‘ ഈ ദർശനത്തെ ജീവസുറ്റതാക്കിയതിന് സംവിധായകൻ അശ്വിൻ കുമാറിനെയും പ്രൊഡക്ഷൻ ഹൗസിനെയും ഞാൻ അഭിനന്ദിക്കുന്നു. മുഴുവൻ ടീമിനും എന്റെ ഏറ്റവും വലിയ നന്ദി. ടീമിന് തുടർന്നും വിജയം നേരുന്നു‘ ലോറൻസ് പറഞ്ഞു. പോസ്റ്റ് ഇപ്പോൾ ഇന്റർനെറ്റിൽ വൈറലായിരിക്കുകയാണ്.
നവാഗതനായ സംവിധായകൻ അശ്വിൻ കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് മഹാവതാർ നരസിംഹ. വിഷ്ണുവിന്റെ അവതാരമായ നരസിംഹത്തിന്റെ പുരാണ കഥയെ ആസ്പദമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സാധാരണ സിനിമകളിൽ നിന്ന് വ്യത്യസ്തമായി, ഈ ചിത്രം പൂർണ്ണമായും ആനിമേഷൻ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് നിർമ്മിച്ചത്
















