Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

കോലാപുരേശ്വരിയുടെ മണ്ണില്‍

ലതാ ബാലകൃഷ്ണന്‍ by ലതാ ബാലകൃഷ്ണന്‍
Aug 10, 2025, 04:11 pm IST
in Varadyam

യാത്രകള്‍ മനസിന്റെ മുറിവുണക്കാന്‍ പറ്റിയ ഔഷധമാണ്. പുരാണങ്ങളെടുത്താല്‍ ആത്മദേവന്‍ മുതല്‍ വിദുരര്‍ വരെ എല്ലാവരും ജീവിതയാത്രയില്‍ നേരിട്ട ആത്മ ദുഃഖങ്ങള്‍ക്ക് പരിഹാരമായി യാത്രയെ അഭയം പ്രാപിച്ചിരുന്നതായി പറയുന്നു.
പ്രത്യേക തയാറെടുപ്പുകളോ മുന്‍വിധികളോ ഇല്ലാതെ ചില യാത്രകള്‍ ജീവിതത്തില്‍ തരപ്പെടാറുണ്ട്. ചില നിമിത്തങ്ങളിലൂടെ നമ്മെ എത്തേണ്ടിടത്ത് എത്തിക്കും. പിന്നീട് കൂട്ടിവായിക്കുമ്പോള്‍ എവിടെയോ ഏതോ അദൃശ്യ ശക്തി നമ്മുടെ യാത്രയുടെ രഥം തെളിക്കുന്നു എന്ന് മനസിലാകും. മിക്കവാറും എന്റെ യാത്രകള്‍ ചെന്നെത്തുന്നത് കൂടുതലും പുണ്യസ്ഥലങ്ങളിലാണ്.

ഒരു ശനിയാഴ്ച പകല്‍, പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ മൂകാംബിക ക്ഷേത്ര ദര്‍ശനത്തെക്കുറിച്ച് യുട്യൂബില്‍ കാണാനിടയായി. അബ്ദുള്ളയുടെ സത്യസന്ധമായ കഥാവിഷ്‌കാരം ഘന ഗാംഭീര്യ ശബ്ദത്തില്‍ ആഖ്യാതാവ് വിവരിച്ചപ്പോള്‍ അതെന്നെ മൂകാംബിക ദേവിയിലേക്ക് മാനസികമായി അടുപ്പിച്ചു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൊല്ലൂരില്‍ പോയിട്ടുണ്ട്. ഐതിഹ്യത്തിന്റെ പിന്‍ബലമോ വനമേഖലയുടെ ഭൂമിശാസ്ത്രമോ ഒന്നും അറിയാതെ ഏതൊരു ക്ഷേത്രത്തിലും പോകുന്ന ലാഘവത്തോടെയായിരുന്നു യാത്ര. എന്നാല്‍ മുസ്ലിം ആയ അബ്ദുള്ള ഉള്‍ഭയത്തോടെ ക്ഷേത്രത്തില്‍ കടന്നതും ദര്‍ശനം നടത്തിയതുമായ വിവരണം കൊല്ലൂര്‍ ഗ്രാമത്തിലേക്കും കുടജാദ്രി മലനിരകളിലേക്കും എന്റെ സ്വത്വത്തെ ആവാഹിച്ചു. ഫോണ്‍ താഴെവയ്‌ക്കാന്‍ തുടങ്ങും മുന്‍പ് അനുജത്തിയുടെ വിളി വന്നു.

‘ഞങ്ങള്‍ അടുത്താഴ്ച മൂകാംബിക പോകുന്നുണ്ട്. ബസില്‍ ഒരു സീറ്റ് ഒഴിവുണ്ട്. നീ വരുന്നോ’
പെട്ടെന്ന് എനിക്ക് മിണ്ടാന്‍ കഴിഞ്ഞില്ല. മനസ് ആഗ്രഹിക്കാന്‍ തുടങ്ങിയാലും മടിപിടിച്ച് എവിടെയെങ്കിലും ഒതുങ്ങി കൂടാന്‍ ആണ് താല്പര്യം. പക്ഷെ കുടജാദ്രി മലനിരകളില്‍ എങ്ങോ കുടികൊള്ളുന്ന ആ പ്രകൃതി ശക്തി ഞാന്‍ ഇവിടെ ഇരുന്നു കണ്ടതും കേട്ടതും എങ്ങനെ അറിഞ്ഞു?

യാദൃച്ഛികം ആവാം! മുന്‍പാരോ പറഞ്ഞു കേട്ടത് മനസിലോടിയെത്തി. മൂകാംബികയില്‍ അമ്മ വിളിക്കാതെ ചെല്ലാന്‍ സാധിക്കില്ല എന്ന്. എന്നാലും ഇത്ര പെട്ടെന്ന്…ഞാനും വരുന്നുണ്ടെന്ന് ഉറപ്പു നല്‍കി.

എന്റെ മുന്നില്‍ പോകാതിരിക്കാനുള്ള തടസങ്ങള്‍ കുറവായിരുന്നു.

40 പേരോളം ഉള്ള ആ സംഘത്തില്‍ അങ്ങനെ ഞാനും ചേര്‍ന്നു. ഉഡുപ്പി, മുരഡേശ്വര്‍ ദര്‍ശനം കഴിഞ്ഞു കൊല്ലൂരിലേക്ക് പുറപ്പെടുമ്പോള്‍ ചുറ്റും ഇരുട്ട് വീണിരുന്നു. ഇരു വശങ്ങളിലും വള്ളിപ്പടര്‍പ്പുകള്‍ തോരണം ചാര്‍ത്തിയ കാടിന്റെ നടുവിലൂടെ വളഞ്ഞും നിവര്‍ന്നും കിടക്കുന്ന റോഡിലൂടെ ബസ് അല്പം സ്പീഡില്‍ തന്നെ മുകളിലേക്കു കയറി. തണുപ്പും നിലാവും നിറഞ്ഞ കൊല്ലൂര്‍ വനഭംഗി. ബസിനുള്ളില്‍ എല്ലാവരും നിശബ്ദരായിരുന്നു. മൂന്ന് വയസുകാരി മുതല്‍ 70 കടന്നവര്‍ വരെ ആ സംഘത്തിലുണ്ടായിരുന്നു.

എല്ലാവര്‍ക്കും ഒരേ മനസ് എന്നത് ആ നിശബ്ദതയില്‍നിന്ന് വായിക്കാം. വിന്‍ഡോ സീറ്റിലൂടെ പുറത്തേക്ക് നോക്കിയാല്‍ ദൂരെ മല ഇടുക്കുകള്‍ക്ക് മുകളിലായി പൂര്‍ണ ചന്ദ്രന്‍ ഉദിച്ചു നില്‍ക്കുന്നത് കാണാം. മനുഷ്യ നിര്‍മിത ക്യാമറയില്‍ പൂര്‍ണമായും ഉള്‍കൊള്ളിക്കാന്‍ പറ്റാത്ത ആകാശഭംഗി. യാത്രയുടെ അന്ത്യത്തില്‍ ഏതോ ഉഡുപ്പി ഹോട്ടലിന് മുന്‍പില്‍ ബസ് നിര്‍ത്തി.

ഓരോരുത്തരായി ലഗേജുകള്‍ താഴെ ഇറക്കുന്ന തിരക്കിലാണ്. തൊട്ടടുത്തു തന്നെയാണ് താമസിക്കാനുള്ള ഹോട്ടലും. റൂമിന്റെ താക്കോല്‍ കിട്ടിയ നിമിഷം ബാഗ് വലിച്ചെറിഞ്ഞു. കിടക്കയിലേക്ക് ചാഞ്ഞു. അത്രക്കും ക്ഷീണമുണ്ടായിരുന്നു. ദര്‍ശനം നാളെ മതി എന്നായി തീരുമാനം. കുളിച്ച് ആഹാരം കഴിച്ച്, ക്ഷേത്രപരിസരം ഒക്കെ ഒന്നു കണ്ടുവരാം എന്ന് കരുതി. അങ്ങനെ ക്ഷേത്രമതില്‍ക്കെട്ടിന് വെളിയിലെത്തി. അകത്തെ മേളവും ശംഖനാദവും എന്നെ ക്ഷേത്രത്തിനുള്ളിലേക്ക് നയിച്ചു. ക്ഷേത്ര നട മറഞ്ഞു ഭക്തജനത്തിരക്ക്. കൊടിമരച്ചുവട്ടില്‍ ഞാന്‍ കണ്ണടച്ച് നിന്നു. ശ്രീകോവിലിന്റെ താഴികക്കുടത്തിനു മുകളില്‍ സ്വര്‍ണ ഗോളക പോലെ പൂര്‍ണചന്ദ്രന്‍ തിളങ്ങി നില്‍ക്കുന്നു. സ്വര്‍ണപ്രഭയില്‍ മുങ്ങിയ ക്ഷേത്രപരിസരം. എന്താണ് പ്രാര്‍ത്ഥിക്കേണ്ടത്?

മനസ് ശൂന്യം. ആഗ്രഹിക്കാന്‍ ഒന്നുമില്ലാത്തവരാണ് ലോകത്തിലേക്ക് ഏറ്റവും വലിയ ഭാഗ്യവാന്മാര്‍. ആവലാതികള്‍ അവരെ അലട്ടുന്നില്ല. വിലമതിക്കാനാവാത്ത നിധി പാതിവഴിയില്‍ കൈമോശം വന്നവള്‍. കൈവിട്ടുപോയത് ഒരിക്കലും തിരിച്ചു വരില്ല. ചിലപ്പോള്‍ ഈ ആകാശച്ചെരുവില്‍ എവിടെയോ അനേകം നക്ഷത്രങ്ങളില്‍ ഒന്നായിട്ടുണ്ടാകും. ഈ ഹതഭാഗ്യയായ അമ്മയെ അവന്‍ കാണുന്നുണ്ടാവുമോ?
എന്റെ നെടുവീര്‍പ്പുകള്‍ക്ക് അകമ്പടി എന്ന പോലെ വീണ്ടും ശംഖനാദം.

ഞാന്‍ കണ്ണ് തുറന്നു ചുറ്റും നോക്കി. പച്ച മേല്‍മുണ്ട് പുതച്ച ‘അഡിഗ’ ശീവേലിത്തിടമ്പുമായി അകത്തു കടക്കുന്നു.
പിന്നില്‍ നിന്ന എന്റെ അനുജത്തി എന്നെ മുന്നോട്ടു നീക്കി നിര്‍ത്തി.
‘ചേച്ചീ അകത്തേക്ക് നോക്കൂ’. ഞാന്‍ യാന്ത്രികമായി അകത്തേക്ക് നോക്കി.

എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ക്ഷേത്ര നട അടഞ്ഞു നിന്ന ആളുകള്‍ എവിടെ?
അങ്ങ് ഗര്‍ഭഗൃഹത്തില്‍ പച്ചപ്പട്ടിന്റെ തിരശീലക്കു മുന്‍പില്‍ മുഖാവരണം അണിഞ്ഞിട്ടില്ലാത്ത സ്വര്‍ണ സുന്ദരീ ശില്പം. അഡിഗ ആരതി ഉഴിയുന്നു. താള നിബദ്ധമായ മണിനാദം എന്റെ സിരകളെ പ്രകമ്പനം കൊള്ളിച്ചു.

എന്റെ ഉള്ളില്‍നിന്ന് എന്തോ ഉരുകി മാറി. ഞാന്‍ എങ്ങലടിച്ചു. കണ്ണുനീര്‍ എനിക്ക് നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. എന്തിനെന്നറിയില്ല. എന്റെ ഉള്ളില്‍ ഇപ്പോള്‍ ഒന്നുമില്ല. ഇന്നലെ എന്നൊന്ന് ഇല്ല. നാളെയും. ഈ നിമിഷം മാത്രം. എന്റെ ആത്മാവില്‍ ഒരു ചിത എരിയുന്നുണ്ടായിരുന്നു. പൂര്‍വജന്മകൃതമായ ആത്മ ദുഃഖങ്ങള്‍ ഞാന്‍ ആ ചിതയില്‍ പാകപ്പെടുത്തി എന്റെ മുന്‍പില്‍ അനുഭവപ്പെട്ട ദിവ്യ ദര്‍ശനത്തിന് മുന്‍പില്‍ മധുരമുള്ള നേദ്യമായി സമര്‍പ്പിച്ചു. ശങ്കരാചാര്യ സ്വാമികളുടെ സൗന്ദര്യ ലഹരിയിലെ ആരെയും മയക്കുന്ന ആ സുന്ദര രൂപം മാത്രം എന്റെ മനസില്‍. നാളേയ്‌ക്ക് നീട്ടിവയ്‌ക്കാത്ത ദിവ്യ ദര്‍ശനം വഴിപോക്കയായ ഒരു പാവം പെണ്ണിനെ വിളിച്ചു കാണിച്ച പോലെ. ചിലപ്പോള്‍ അതിഭാവുകത്വം നിറഞ്ഞ മനസിന്റെ ജല്‍പനം ആകാം. പക്ഷേ ആ അനുഭൂതിയില്‍ എന്റെ ശരീരത്തിന്റെ ഭാരം നഷ്ടപ്പെട്ടിരുന്നു. വളരെ നാളുകള്‍ക്കു ശേഷം ഞാന്‍ സുഖമായി ഉറങ്ങി.

പിറ്റേന്ന് രാവിലെ കുടജാദ്രി മലനിരകളിലേക്ക് യാത്ര തിരിക്കണം. രാവിലേ തന്നെ ഞങ്ങളുടെ സംഘം നേരത്തേ ഏര്‍പ്പാടാക്കിയ ജീപ്പുകളില്‍ കുടജാദ്രിയിലേക്ക് തിരിച്ചു. ഒന്നര മണിക്കൂറോളം ഉള്ള യാത്രയില്‍ പത്തു കിലോമീറ്റര്‍ ഓഫ് റോഡ്. മുഴുത്ത പാറക്കല്ലുകളും ഇടക്ക് മഴ പെയ്തു കുഴഞ്ഞ മണ്ണും ഉയര്‍ന്ന വൃക്ഷത്തിന്റെ വേരുകളും നിറഞ്ഞ കാനന പാത. ഞാന്‍ കണ്ണുകള്‍ അടച്ചു ശ്വാസം പിടിച്ചിരുന്നു. ഈ ടയര്‍ എത്ര റോഡ് കണ്ടിരിക്കുന്നു എന്ന മട്ടില്‍ ചാടിയും ഉയര്‍ന്നും അതി സാഹസികമായി മഹീന്ദ്ര ജീപ്പ് മൂകാംബികയുടെ മൂലസ്ഥാനം എന്ന് പറയപ്പെടുന്ന ഭദ്രകാളീ ക്ഷേത്രപരിസരത്ത് നിര്‍ത്തി. പിന്നങ്ങോട്ട് ചെങ്കുത്തായ വനഭൂമി നടന്നു കയറണം. ഒന്നര മണിക്കൂര്‍ വീണ്ടും യാത്രയുണ്ട്. എന്റെ മനസ് ഒന്നുപിടച്ചു. എനിക്കാകുമോ ഈ മല കയറാന്‍. രണ്ടും കല്പിച്ചു മുന്നോട്ടു തന്നെ. കാടിന്റെ നിശബ്ദതയെ കീറി മുറിച്ചു ഒറ്റക്കമ്പി നാദം പോലെ ചീവീടിന്റെ ഒച്ച മാത്രം. കൂടെയുള്ളവര്‍ പല സംഘങ്ങളായി മുകളിലേക്കു കയറിത്തുടങ്ങി. മുകളിലേക്കു കയറും തോറും ഇടതു വശത്തായി ചെങ്കുത്തായ താഴ്വാരങ്ങള്‍. കോടമഞ്ഞ് പുതച്ചു കിടക്കുന്ന മലനിരകളില്‍ തട്ടി സൂര്യന്റെ ഇളം കിരണങ്ങള്‍ താഴ്വരയിലെ നിബിഢതകളെ തരളിതമാക്കുന്നു.

എല്ലാ ക്ഷീണവും മുകളിലെത്തിയപ്പോള്‍ മറന്നു. നൈഷ്ഠിക ബ്രഹ്‌മചാരിയായ ഒരു യോഗിവര്യന്റെ പാദമുദ്രകള്‍ പതിഞ്ഞ സ്ഥലം. മഹേശ്വരനെ തപസ് ചെയ്തു മഹേശ്വരിയെ പ്രത്യക്ഷപ്പെടുത്തിയ പുണ്യ ഭൂമി.
ശ്രീ ശങ്കരപീഠം!
സര്‍വജ്ഞ പീഠം.

ആചാര്യ സ്വാമികളുടെ ഒരു ചെറിയ കല്‍ വിഗ്രഹം കാലത്തിന്റെ മിനുക്കുപണികള്‍ ഒന്നും മാറ്റം വരുതാത്ത ആ കല്‍മണ്ഡപത്തിനുള്ളില്‍. അവിടെ നിത്യ പൂജയുണ്ടോ? അറിയില്ല. തലേന്ന് അര്‍ച്ചിച്ച പൂക്കള്‍ വാടാതെ ആ പാദ പത്മത്തിലുണ്ടായിരുന്നു. പാര്‍വതി-പരമേശ്വരന്മാരുടെ പ്രണയ ഭൂവില്‍ അതിനേക്കാള്‍ വേറെ ഒരു പൂജ ആര്‍ക്കുവേണ്ടി? ശക്തി കുടികൊള്ളുന്ന ഈ മലനിരകളിലേക്ക് ശിവന്റെ പ്രണയദൃഷ്ടികള്‍ നീളുമ്പോള്‍ നാണം കൊണ്ട് പുളകിതയാകുന്ന ദേവിയുടെ സുന്ദര മുഖച്ഛായ ജനതയെ മോഹിപ്പിച്ചുകൊണ്ടേയിരിക്കുന്നു.

തപസ്സിന്റെ നിഷ്ഠ കൊണ്ട് ശക്തിയെ കേരളത്തിലേക്ക് കൊണ്ടുവരാന്‍ ശങ്കരാചാര്യര്‍ ശ്രമിച്ചു. ആചാര്യ സ്വാമികളെ പിന്തുടര്‍ന്ന് ദേവി കൊല്ലൂര്‍ വരെ എത്തി. തിരിഞ്ഞു നോക്കരുത് എന്ന വ്യവസ്ഥയില്‍. എന്നാല്‍ യാത്രാ മദ്ധ്യേ കൊല്ലൂരില്‍ എത്തിയപ്പോള്‍ ചിലങ്കകളുടെ ശബ്ദം കേള്‍ക്കാതായി. സ്വാമികള്‍ തിരിഞ്ഞു നോക്കി. വാക്കു തെറ്റിച്ചതിനാല്‍ ദേവി അവിടെ കുടികൊണ്ടു എന്നാണ് ഐതിഹ്യം.

തിരിച്ചു മല ഇറങ്ങുമ്പോള്‍ ആചാര്യ സ്വാമികളെ മോഹിപ്പിച്ച ആ ചിലങ്കകളുടെ ശബ്ദം കേള്‍ക്കാന്‍ ഞാന്‍ കാതോര്‍ത്തു. ബ്രഹ്‌മത്തില്‍ ചരിച്ച സ്വാമികള്‍ എവിടെ? ലൗകിക പ്രേമത്തില്‍ മുഴുകിയ ഞാന്‍ എവിടെ? വീണ്ടും ചീവീടുകളുടെ ശബ്ദം മാത്രം. തിരിച്ചു വന്നു സൗപര്‍ണികയില്‍ കഴുത്തറ്റം വെള്ളത്തില്‍ മുങ്ങി കിടക്കുമ്പോഴും മലനിരകളും വനഭൂമിയും ഭക്തിയല്ല, ദേവിയുടെ പ്രണയഭാവമാണ് എന്നില്‍ നിറച്ചത്.
വയലാറിന്റെ വരികള്‍ ഹംസധ്വനിയായി അറിയാതെ ചുണ്ടില്‍ എത്തി.

പ്രപഞ്ച ശില്പിയുടെ വെറുമൊരു
പഞ്ചലോഹ പ്രതിമയല്ല നീ..
മനുഷ്യനും ദൈവവും സൗന്ദര്യം നല്‍കിയ
മായാരൂപിണി നീ..
ഭാമിനീ…

Tags: TravelogueKollur Mookambika TempleKolapureshwari
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിൽ എട്ടുകോടി രൂപ മൂല്യമുള്ള വജ്ര കിരീടങ്ങളും സ്വർണവാളും സമർപ്പിച്ച് ഇളയരാജ

India

സൗപര്‍ണികാ തീരത്ത് ഇപ്പോഴും തുടിക്കുന്നു, വസുധയുടെ ഹൃദയം…

Travel

ദൽഹി ടൂറിസ്റ്റ് ബസ് സർവീസ് ഉടൻ ആരംഭിക്കും, ചരിത്രമുറങ്ങുന്ന ഇടങ്ങൾ സന്ദർശിക്കാനുള്ള സൗകര്യം ഒരുക്കും, നിരക്ക് എത്രയാണെന്ന് നോക്കാം

India

കേദാര്‍ നാഥിലെ കാക്കകള്‍….ആത്മീയകേന്ദ്രങ്ങളിലൂടെയുള്ള യാത്രയെ അകംപൊരുള്‍ തേടുന്ന സഞ്ചാരമാക്കുന്ന പുസ്തകം

Travel

ഒരു മൺസൂൺ യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ ? ഓരോ നിമിഷവും അവിസ്മരണീയമാക്കാൻ ഈ അഞ്ച് പ്രധാന കാര്യങ്ങൾ മനസ്സിൽ വയ്‌ക്കുക

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

ലോകത്തിലെ ഏറ്റവും ഉയരത്തിൽ പറന്ന് യുദ്ധം ചെയ്യാൻ കരുത്ത് : 15000 അടി ഉയരത്തിൽ വീണ്ടും പ്രചണ്ഡിന്റെ അഭ്യാസപ്രകടനം

കാസര്‍കോട് ഷാനവാസ് പാദൂര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി

പിണറായി വിജയന്റെ തുടര്‍ഭരണം ഉണ്ടാകില്ലെന്ന് ഉറപ്പിച്ച് പറയാനാകില്ല- കെ സുധാകരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.