വന്ദനം ഞങ്ങളേകട്ടേ നിത്യം
പുണ്യകര്‍ഷക വൃന്ദമേ…
വന്ദനം വീണ്ടുമീപ്രപഞ്ചത്തിന്‍
തംബുരുശ്രുതി മീട്ടുന്നു.
പാരിതില്‍ ഹരിതാഭമാര്‍ന്നൊരു
പാവനപ്രഭയേകുവാന്‍
നിങ്ങളേന്തും കലപ്പയാണെന്നും
വാഴ്‌ത്തുവാന്‍ ഞങ്ങള്‍ക്കായുധം.
നെല്‍ക്കതിരുകളേറ്റു പാടുന്നു
നിങ്ങള്‍തന്‍ സ്തുതിഗീതങ്ങള്‍
നമ്രശീര്‍ഷരായ് കായ്‌കനികളും
സാദരം നമിച്ചീടുന്നു.
എത്രനേട്ടങ്ങള്‍ നേടിയെന്നാലും
എത്ര സമ്പത്തുണ്ടാകിലും
അന്നമില്ലാതെ മാനവരാശി
ഇല്ലയെന്നതറിക നാം.
മണ്ണിലായ് വളര്‍ന്നീടവേ നിത്യം
മണ്ണിനോടു പോരാടിയും
മണ്ണിലേക്ക് ലയിച്ചിടും വരെ
മണ്ണിനെ തന്നെ ലാളിച്ചും.
പുണ്യകര്‍ഷകവൃന്ദമേ വാഴൂ
എന്നുമീശ്വരതുല്യരായ്
വന്ദനം ഞങ്ങളേകട്ടേ നിത്യം
വന്ദനം നിത്യ വന്ദനം.
















