തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യവിൽപ്പന ഓണ്‍ലൈനിലേക്ക്. ഓൺലൈൻ മദ്യ വിൽപ്പനയ്‌ക്കുള്ള വിശദമായ ശുപാര്‍ശ ബെവ്കോ എംഡി ഹര്‍ഷിത അട്ടല്ലൂരി സര്‍ക്കാരിന് സമര്‍പ്പിച്ചു. വരുമാന വദ്ധനവ് ലക്ഷ്യമിട്ടാണ് ബെവ്കോയുടെ പുതിയ നീക്കം. 2000 കോടി രൂപയുടെ വരമാന വർദ്ധനവാണ് ബെവ്കോ പ്രതീക്ഷിക്കുന്നത്. ഓണ്‍ലൈൻ മദ്യവിൽപ്പനയ്‌ക്കായി ബെവ്‍കോ മൊബൈൽ ആപ്ലിക്കേഷനും തയ്യാറാക്കി. നിബന്ധനകൾക്ക് വിധേയമായിട്ടാകും ഓൺലൈൻ മദ്യ വിൽപന.
ഓൺലൈൻ ഡെലിവറി കമ്പനിയായ സ്വിഗ്ഗി പദ്ധതിയോട് താൽപര്യം അറിയിച്ചു. 3 വർഷമായി ഇക്കാര്യം സംബന്ധിച്ച് സർക്കാരിനു ശുപാർശ നൽകുന്നുണ്ടെന്നും, അനുകൂല തീരുമാനം ഉണ്ടായാൽ വാതിൽപ്പടി മദ്യവിതരണം ആരംഭിക്കുമെന്നും ബവ്കോ എംഡി പറഞ്ഞു.
23വയസിന് മുകളിലുള്ളവര്‍ക്കായിരിക്കും ഓണ്‍ലൈനിൽ മദ്യം വാങ്ങാൻ കഴിയുക. ഇതിനായി പ്രായം തെളിയിക്കുന്ന രേഖ നൽകണം. ഒരു തവണ മൂന്നു ലീറ്റർ മദ്യം ഓർഡർ ചെയ്യാം. മദ്യം ഓർഡർ ചെയ്തു കരിഞ്ചന്തയിൽ വിൽക്കുന്നത് ഒഴിവാക്കാൻ മദ്യം വാങ്ങുന്നതിനു പരിധി നിശ്ചയിക്കുമെന്നും എംഡി പറഞ്ഞു.
ഓണ്‍ലൈൻ മദ്യവിൽപ്പനയ്‌ക്ക് പുറമെ വിനോദ സഞ്ചാരികളടക്കം വീര്യം കുറഞ്ഞ മദ്യം പുറത്തിറക്കണമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചിട്ടുണ്ടെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. വിദേശ നിര്‍മിത ബിയര്‍ വിൽപ്പനയും അനുവദിക്കണമെന്ന് ബെവ്കോ ആവശ്യപ്പെട്ടിട്ടുണ്ട്.
കോവിഡ് കാലത്ത് മദ്യം ഓൺലൈനിലൂടെ വിതരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചിരുന്നു. തിരക്ക് ഒഴിവാക്കാൻ ആപ്പിലൂടെയായിരുന്നു ബുക്കിങ്. ഇതിനുശേഷം വാതിൽപ്പടി മദ്യവിതരണം ആലോചിച്ചെങ്കിലും ചർച്ചകൾ മുന്നോട്ടുപോയില്ല.















