തിരുവനന്തപുരം: ആരോഗ്യമേഖലയിലെ പിണറായി വിജയന്‍ സര്‍ക്കാരിന്റെ സിസ്റ്റം പരാജയപ്പെട്ടത് ചൂണ്ടിക്കാട്ടിയ ഡോ ഹാരിസിനെ കൂട്ടം ചേര്‍ന്ന് വേട്ടയാടാനുള്ള ശ്രമം അനുവദിക്കില്ലെന്ന് ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ് സുരേഷ്.
സര്‍ക്കാരിന്റെ അനാസ്ഥ തുറന്നുകാട്ടിയ ഡോക്ടര്‍ക്കെതിരെ പക വീട്ടുകയാണ് ഇടതുപക്ഷമെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി വ്യക്തമാക്കി. സര്‍ക്കാര്‍ ആശുപത്രികളിലും മെഡിക്കല്‍ കോളേജുകളിലും നിലനില്‍ക്കുന്ന ദുരവസ്ഥ തുറന്നുപറഞ്ഞ ഡോക്ടര്‍ ഹാരിസിനെതിരെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടക്കുന്നത് മനപ്പൂര്‍വമായ വേട്ടയാടലാണ്. കേരളത്തിലെ സാധാരണക്കാര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയ ഡോക്ടര്‍ ഹാരിസിനെതിരെ സ്വാഭാവിക നടപടി എന്ന പേരില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒറ്റക്കെട്ടായി ആക്രമിക്കുകയാണ്. ഇത് അംഗീകരിക്കാനാവില്ല.
സര്‍ക്കാരിനെതിരെ വായ തുറക്കുന്നവരുടെ ശബ്ദം എന്തുവിലകൊടുത്തും ഇല്ലാതാക്കാനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്. കുഴപ്പങ്ങള്‍ക്ക് മുഴുവന്‍ കാരണം പ്രതികരിച്ചവരാണെന്ന് വരുത്തി തീര്‍ക്കാനുള്ള സംഘടിത ശ്രമമാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന്റെ വാര്‍ത്താസമ്മേളനവും അതിന്റെ ഉദാഹരണമാണ്.
എതിര്‍ക്കുന്നവരെ കരിവാരിത്തേച്ചും ഉന്മൂലനം ചെയ്തും മുന്നോട്ടുപോകുന്ന കമ്മ്യൂണിസ്റ്റ് ധാര്‍ഷ്ട്യമാണ് ഇപ്പോള്‍ നടക്കുന്നത്. ഇത് ഒരിക്കലും കേരളത്തില്‍ അനുവദിക്കില്ല. തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റെ ദുരവസ്ഥ തുറന്നു പറഞ്ഞതിന് ഡോക്ടര്‍ ഹാരിസ് നേരിട്ടത് സമാനതകളില്ലാത്ത ആക്രമണമാണ്.
സത്യസന്ധരായ ജീവനക്കാര്‍ക്ക് ഇടതുപക്ഷ ഭരണത്തില്‍ ജോലിയില്‍ തുടരാന്‍ കഴിയില്ലെന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ എത്തിച്ചേരുന്നത്.ഈ അപകട രാഷ്‌ട്രീയത്തിനെതിരെ ശക്തമായ പ്രതിഷേധ-പ്രക്ഷോഭ പരിപാടികളുമായി ബിജെപി മുന്നോട്ട് പോകുകയാണ്. ഡോക്ടര്‍ ഹാരിസിനും അദ്ദേഹത്തെ പോലെ സത്യം തുറന്നു പറയുന്ന എല്ലാവര്‍ക്കും പിന്തുണ നല്‍കി ബിജെപി കൂടെയുണ്ടാകുമെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.എസ്.സുരേഷ് പറഞ്ഞു.
















