കണ്ണൂര്‍: ആര്‍എസ്എസ് നേതാവ് സി. സദാനന്ദന്‍ മാസ്റ്ററെ കൊല ചെയ്യാന്‍ ശ്രമിച്ച കേസിലെ പ്രതികളെ ജയിലിലെത്തി കണ്ട് സിപിഎം നേതാവ് പി. ജയരാജന്‍.കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിയാണ് സിപിഎം പ്രവര്‍ത്തകരായ പ്രതികളെ ജയരാജന്‍ സന്ദര്‍ശിച്ചത്.
പ്രതികളുടെ കുടുംബാംഗങ്ങളെയും കാണുമെന്നും ജയരാജന്‍ പറഞ്ഞു.കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ജയില്‍ ഉപദേശകസമിതി അംഗം കൂടിയാണ് ജയരാജന്‍.
സുപ്രീം കോടതി ശിക്ഷിച്ച സഖാക്കളെ കണ്ടു. അവരില്‍ ചിലര്‍ അസുഖബാധിതരാണ്. പാര്‍ക്കിന്‍സണ്‍ രോഗം ബാധിച്ച രവീന്ദ്രന്‍ അടക്കമുള്ളവരുണ്ട്. അവര്‍ക്ക് ആവശ്യമായ ചികിത്സാസംവിധാനം ഒരുക്കിയെന്നും ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.
നിലവില്‍ രാജ്യസഭാംഗമായ സി. സദാനന്ദനെ 1994 ജനുവരി 25-ന് രാത്രി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളായ എട്ട് സിപിഎം പ്രവര്‍ത്തകരാണ് കഴിഞ്ഞ തിങ്കളാഴ്ച കീഴടങ്ങിയത്. ഇവരുടെ അപ്പീല്‍ സുപ്രീംകോടതിയും തള്ളിയതോടെയാണ് ഇവര്‍ കോടതിയിലെത്തി കീഴടങ്ങിയത്.
സദാനന്ദന്‍ മാസ്റ്ററുടെ രണ്ട് കാലുകളും അക്രമികള്‍ വെട്ടിമാറ്റിയിരുന്നു.കഷ്ടിച്ചാണ് ജീവന്‍ തിരിച്ചു കിട്ടിയത്.
ഇപ്പോള്‍ ശിക്ഷിക്കപ്പെട്ടവര്‍ നിരപരാധികളാണെന്നാണ് സി പി എം വാദം.
















