കോഴിക്കോട്: വാടകവീട്ടില്‍ വയോധികരായ സഹോദരിമാരെ മരിച്ചനിലയില്‍ കണ്ടെത്തിയത് കൊലപാതകം.പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.മൂഴിക്കല്‍ മൂലക്കണ്ടി ശ്രീജയ (71), പുഷ്പ (66) എന്നിവരെയാണ് മുറിക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
രണ്ടു പേരെയും കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ചേവായൂരിനടുത്ത് കരിക്കാംകുളം ഫ്‌ലോറിക്കല്‍ റോഡിലെ വാടകവീട്ടിലായിരുന്നു കൊലപാതകം നടന്നിട്ടുളളത്. കഴിഞ്ഞ മൂന്നു വര്‍ഷമായി ഇവര്‍ ഇവിടെ വാടകയ്‌ക്ക് താമസിക്കുകയായിരുന്നു.ഇവര്‍ക്കൊപ്പമുണ്ടായിരുന്ന സഹോദരന്‍ പ്രമോദിനെ കാണാനില്ല.
ശനിയാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെ പ്രമോദ് സഹോദരിമാര്‍ മരിച്ച വിവരം ബന്ധുക്കളെയും സുഹൃത്തിനെയും വിളിച്ചറിയിച്ചു.തുടര്‍ന്ന് ബന്ധുക്കള്‍ വീട്ടിലെത്തി നോക്കിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്. വെള്ള തുണി പുതപ്പിച്ച് തലമാത്രം പുറത്തു കാണുന്ന നിലയില്‍ രണ്ടു മുറികളിലായിരുന്നു മൃതശരീരങ്ങള്‍. പ്രമോദിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ലെന്നാണ് ബന്ധുക്കള്‍ പറഞ്ഞത്.ആദ്യം ഫോണ്‍ ബെല്ലടിച്ചെങ്കിലും പിന്നീട് ഓഫാക്കിയിരിക്കുന്നതായുള്ള സന്ദേശമാണ് ലഭിച്ചതെന്ന് അയല്‍വാസികള്‍ അറിയിച്ചു.
ശ്രീജയയും പുഷ്പയും വാടക വീടിന് സമീപത്തെ ആശുപത്രിയില്‍ ചില രോഗങ്ങള്‍ക്കായി ചികിത്സ തേടിയിരുന്നുവെന്നാണ് അയല്‍വാസികള്‍ പറയുന്നത്.പ്രമോദിന്റെ മൊബൈല്‍ ലൊക്കേഷന്‍ പരിശോധിച്ചതില്‍ നിന്ന് ഫോണ്‍ ഓഫ് ചെയ്യുന്നതിനു മുന്‍പ് ഇയാള്‍ ഫറോക്ക് ഭാഗത്ത് ഉണ്ടായിരുന്നുവെന്നാണ് വിവരം.സംഭവത്തില്‍ പൊലീസ് കൂടുതല്‍ അന്വേഷണം നടത്തുന്നുണ്ട്.
















