ന്യൂദല്‍ഹി: സ്ത്രീകളുടെ അടുക്കള ജീവിതം തന്നെ മാറ്റി മറിച്ച കേന്ദ്ര പദ്ധതി പ്രധാനമന്ത്രി ഉജ്ജ്വല യോജന തുടരാന്‍ കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചു. 2025-2026ല്‍ സൗജന്യ എല്‍പിജി കണക്ഷനുള്ള ഗ്യാസ് സബ്‌സിഡിക്ക് 12,000 കോടി രൂപ വകയിരുത്തി.
പാവപ്പെട്ടവര്‍ക്കു സൗജന്യമായി ഗ്യാസ് കണക്ഷനും ഒരു സിലിണ്ടറിന് 300 രൂപ വീതം വര്‍ഷം ഒന്‍പതു സിലിണ്ടറിനു സബ്‌സിഡിയും നല്കുന്ന, മോദി സര്‍ക്കാരിന്റെ അഭിമാന പദ്ധതികളിലൊന്നാണ് ഉജ്ജ്വല. മൊത്തം 10.33 കോടി ഉജ്ജ്വല ഗ്യാസ് കണക്ഷന്‍ രാജ്യത്തുണ്ട്. എല്‍പിജി സിലിണ്ടറിനുള്ള സബ്‌സിഡി വഴി മൂന്ന് എണ്ണക്കമ്പനികള്‍ക്കുള്ള വരുമാന നഷ്ടം പരിഹരിക്കാന്‍ 30,000 കോടി രൂപ അനുവദിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇന്ത്യന്‍ ഓയില്‍ കമ്പനി (ഐഒസി), ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ (ബിപിസിഎല്‍), ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ (എച്ച്പിസിഎല്‍) എന്നിവയ്‌ക്ക് ഈ തുക നല്കും.












