ഭാഷയാണ് ഒരു മനുഷ്യനെ വേഷത്തേക്കാളുമൊക്കെ സ്വീകാര്യനാക്കുന്നത്. അങ്ങനെയാണ് ‘മാന്യമായഭാഷ’ എന്ന പ്രയോഗംപോലും സാധുവായത് എന്നുതോന്നുന്നു. മാന്യമായഭാഷ എന്നാണ് നാം വര്‍ത്തമാനത്തിന്റെ ‘മാനദണ്ഡ’മായി പറയുക. അതില്ലെങ്കില്‍ ‘മാനം’ പോകാം, ‘ദണ്ഡ’വും ‘ദണ്ഡനവു’മുണ്ടാകാം.
വര്‍ത്തമാനം വ്യക്തം, ശുദ്ധം, ലക്ഷ്യപൂര്‍ണം ആയാലേ സഫലമാകൂ. അപ്പോള്‍ ആംഗ്യഭാഷയോ എന്നചോദ്യം ഉണ്ടാകാം. അത് അപൂര്‍ണമായതുകൊണ്ടാണല്ലോ സംസാരഭാഷ ഉണ്ടായത്. ശബ്ദമാണ് ആദ്യം ഉത്ഭൂതമായത് എന്ന് വേദവും ശാസ്ത്രവും പറയുന്നു. പക്ഷേ, ആദ്യകാലത്ത് ശബ്ദമായിരുന്നിരിക്കില്ല, ചേഷ്ടകള്‍ ആയിരുന്നിരിക്കണം മനുഷ്യന്റെ വിനിമയ സംവിധാനം.
പക്ഷികളുടെ, ജന്തുക്കളുടെ, ഉറുമ്പുകളുടെ ഭാഷ വശമായിരുന്നവര്‍ ഉണ്ടായിരുന്നു. ‘വരരുചി’യുടെ കഥയില്‍ അങ്ങനെയുണ്ടല്ലോ, കിളികളുടെ വര്‍ത്തമാനമാണല്ലോ അദ്ദേഹത്തിന്റെ പാണ്ഡിത്യമാനദണ്ഡം അളക്കുന്ന വേളയില്‍ സഹായകമായത്. മഹാ സിദ്ധനായിരുന്ന ചട്ടമ്പി സ്വാമികള്‍ക്ക് ഉറുമ്പുകളുടെ ഭാഷയും വശമായിരുന്നതായി പറയുന്നുണ്ടല്ലോ. നായകളുമായി വിരുന്ന്സദ്യക്കെത്തിയ സ്വാമികളിലൂടെയുള്ള അനുഭവചരിത്രം നമ്മുടെ മുന്‍തലമുറ നേരിട്ടറിഞ്ഞ് ബോധ്യപ്പെട്ടതാണല്ലോ.
കാറ്റിന് ഭാഷയുണ്ട്, കടലിനുണ്ട്. തൊഴുത്തില്‍ നില്‍ക്കുന്ന പശുവിനും ഭാഷയുണ്ട്. കാലാവസ്ഥാ വ്യതിയാനവും മറ്റും കണ്ടെത്താന്‍ ഇന്ന് ആധുനിക സാങ്കേതിക സംവിധാനങ്ങള്‍ ഉണ്ട്. അതിനുമുമ്പ് കൊടുങ്കാറ്റും കടല്‍ക്ഷോഭവും മഴയും മുന്‍കൂട്ടി പറഞ്ഞിരുന്ന നാട്ടിന്‍പുറത്തുകാര്‍ പ്രകൃതിയുടെ ഈ ഭാഷ മനസ്സിലാക്കിയവരാണ്. പശു കരയുന്നതിന്റെ ‘ഈണം’ കേട്ട് ‘മഴവരുന്നു’വെന്ന് വീട്ടമ്മ നിശ്ചയിച്ചത് ഈ ഭാഷയറിഞ്ഞാണ്. നായകുരയ്‌ക്കുമ്പോള്‍ അപരിചിതര്‍ ആരോ വീടതിര്‍ത്തിയിലെത്തിയിരിക്കുന്നുവെന്ന് അറിയുന്നത് അങ്ങനെയാണല്ലോ.
പക്ഷേ, ഇതൊക്കെ ചിലപ്പോള്‍ പിഴയ്‌ക്കാം, കാരണം ഊഹങ്ങളുടെ അടിസ്ഥാനത്തില്‍ ശീലങ്ങളുടെ സഹായത്തിലാണ് ഇത്. ചിലപ്പോള്‍ ശരിയാകാതെയും വരാം. എന്നാല്‍ ഭാഷ കൃത്യമാണെങ്കില്‍ അങ്ങനെയല്ല, അത് സുവ്യക്തമായ വിനിമയമായിരിക്കും.
അക്ഷരം, വാക്ക്, വാക്യം, ധ്വനി, വികാരം എന്നിവയിലൂടെ ഭാഷ സമ്പൂര്‍ണതയിലേക്ക് വളരുന്നു. അതിനു പുറമേ, സന്ദര്‍ഭം, ഉച്ചാരണം, രീതി എന്നിവയും പ്രമുഖമാണ്. എങ്കില്‍പോലും അപര്യാപ്തതകള്‍ ഏറെയുണ്ട്, അതില്‍, ഒരാള്‍ പറയുന്നതു കേള്‍ക്കുന്നവരുടെ മനോനിലയാണ് നിര്‍ണായകം, കേള്‍ക്കുന്നവരുടെ മനസ്സറിഞ്ഞ് സംസാരിക്കുക, പറയുന്നവര്‍ക്ക് മനസ്സിലുള്ളത് കേള്‍ക്കുന്നവര്‍ക്കായി അതുപോലെ പറഞ്ഞുകൊടുക്കുക എന്നതാണ് അടിസ്ഥാന വെല്ലുവിളി. അതുകൊണ്ടാണ് മഹാകവി കുമാരനാശാന്‍, ‘നളിനി’ എന്ന കാവ്യത്തില്‍ പറയുന്നത്: ”ഇന്ന് ഭാഷയിതപൂര്‍ണമിങ്ങഹോ, വന്നുപോം പിഴയുമര്‍ത്ഥ ശങ്കയാല്‍” എന്ന്.
ഏതു ഭാഷയ്‌ക്കും ഇപ്പറഞ്ഞതെല്ലാം പ്രധാനമാണെങ്കിലും സംസ്‌കൃതഭാഷയ്‌ക്ക് മറ്റുഭാഷകളില്‍നിന്ന് ഏറെ വ്യത്യാസങ്ങളുണ്ട്. ഒരേ വാക്കുകള്‍ക്ക് നിഘണ്ടുവിലെ അര്‍ത്ഥം, പ്രയോഗാര്‍ത്ഥം, വാച്യാര്‍ത്ഥം, വ്യംഗ്യാര്‍ത്ഥം, ധ്വനി എന്നിങ്ങനെ വിശാലമാണ് അതിന്റെ ലോകം. ഉദാഹരണത്തിന് എല്ലാ ഭാഷകളിലുമുണ്ട് വാക്കുകള്‍ക്ക് പുല്ലിംഗവും സ്ത്രീലിംഗവും. ഏകവചനവും ബഹുവചനവുമുണ്ട്. എന്നാല്‍ ‘ദ്വിവചനം’ എന്ന്, ‘രണ്ട്’ എന്ന എണ്ണത്തിനുമാത്രമായി വചനങ്ങളെ പ്രത്യേകം സൃഷ്ടിച്ചിട്ടുള്ള ഭാഷ ഏതാണ് വേറേ. ഈ ഭാഷയുടെ പ്രത്യേകതയാണത്.
മറ്റുഭാഷകള്‍ ഏകദേശം മനസ്സിലാക്കിയിട്ടാണ് അത് പഠിക്കാനിറങ്ങുന്നത്. അതും കുറേ പഠിച്ചിട്ടാണ് അതിന്റെ വ്യാകരണം പഠിക്കുന്നത്. പക്ഷേ സംസ്‌കൃതം വ്യാകരണം പഠിച്ച് അടിത്തറ ഉറപ്പിച്ചാണ് പടികള്‍ ഓരോന്ന് കയറിപ്പോകുന്നത്. കാവ്യങ്ങള്‍ പഠിക്കുന്നത് ഏറെക്കുറേ വ്യാകരണം കഴിഞ്ഞാണ്. അതിനാലാണ് സങ്കീര്‍ണമായി തോന്നുന്നത്. പക്ഷേ വിദേശഭാഷകള്‍ പഠിക്കാന്‍ പലപ്പോഴും വിദ്യാര്‍ത്ഥികളും മുതിര്‍ന്നവരും കാണിക്കുന്ന താല്‍പര്യവും അതിനായുള്ള അദ്ധ്വാനവും സംസ്‌കൃതകാര്യത്തില്‍ കാണിക്കാത്തതാണ് ഇനിയും മസ്സിലാകാത്ത വിഷയം. എന്തുകൊണ്ടായിരിക്കാം.
സംസ്‌കൃതത്തോട് ഒരുകാലത്ത് ‘പലതലമുറ’ക്കാര്‍ക്ക് ഉണ്ടായ മാനസികവും സാംസ്‌കാരികവും സാമൂഹ്യവും രാഷ്‌ട്രീയവും മതപരവും ചരിത്രപരവുമായ അകല്‍ച്ചയാണ് ഇതിന് കാരണം. ഇന്ന് സമൂഹത്തില്‍ മനുഷ്യര്‍ക്കിടയില്‍ പിന്നാക്കം പോയവര്‍ക്കും മുന്നിലെത്താന്‍, അല്ലെങ്കില്‍ ഒപ്പമെത്താന്‍ കഴിയാതെ പോയവര്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള ‘സാമൂഹ്യ സംവരണ’ ആനുകൂല്യങ്ങള്‍ ഭാഷാമേഖലയില്‍ ആവശ്യമായിക്കഴിഞ്ഞ ഭാഷയായിരിക്കുന്നു സംസ്‌കൃതം. കേരളത്തില്‍ പ്രത്യേകിച്ചും. സംസ്‌കൃതം ‘മൃതഭാഷ’യാണെന്ന് ചിലര്‍, ‘ദേവഭാഷ’യാണെന്ന് മറ്റുചിലര്‍, ‘സങ്കീര്‍ണ്ണഭാഷ’യെന്ന് വേറേ ചിലര്‍. ‘വരേണ്യഭാഷ’, ‘പുരാണഭാഷ’, ‘കഠിനഭാഷ’ എന്നിങ്ങനെ ഈ ‘വിശിഷ്ട’ ഭാഷയെ, ‘ലളിത’ ഭാഷയെ, ‘സുന്ദരഭാഷയെ’, ‘ശാസ്ത്രീയ ഭാഷയെ’ ‘ദിവ്യ’ ഭാഷയെ അകറ്റിനിര്‍ത്തിക്കൊണ്ടിരിക്കുന്നത് പലവിധത്തിലാണ്. ഏറ്റവും നിഗൂഢമായി ഈ ഭാഷയെ പിന്നാക്കംതള്ളാനും നിര്‍വീര്യമാക്കാനും നടക്കുന്ന ശ്രമം ആ ഭാഷയ്‌ക്കുമേല്‍ ആരോപിച്ചിരിക്കുന്ന ‘മതപരമായ’ മുദ്രകളാലാണ്, അല്ല, ‘ചാപ്പ’മൂലമാണ്. സംസ്‌കൃത കാവ്യങ്ങള്‍, ഭാഷാ ശാസ്ത്ര ഗ്രന്ഥങ്ങള്‍, അടിസ്ഥാന പുസ്തകങ്ങള്‍ എല്ലാം ആര്‍ഷ ഭാരത സാംസ്‌കാരികതയില്‍ ആധാരിതമാണ്. അതുകൊണ്ട്, വേദവും ഇതിഹാസവും പുരാണവുമാണ് പഠിക്കേണ്ടിവരുന്ന, പഠിപ്പിക്കേണ്ടിവരുന്ന ഉള്ളടക്കം. അവയെല്ലാം ‘ഹിന്ദുമത’ത്തിന് മാത്രമായി സൃഷ്ടിക്കപ്പെട്ടതാണെന്ന ‘മൂഢധാരണ’ ആരിലൊക്കെയോ വളര്‍ന്നിരിക്കുന്നു. മലയാളം പഠിപ്പിക്കുമ്പോള്‍പോലും ‘രാമന്‍ രാവണനെ കൊന്നു’വെന്നും ‘രാവണന്‍ രാമനാല്‍ കൊല്ലപ്പെട്ടു’വെന്നും ഇന്ന് വ്യാകരണം പ്രയോഗിക്കാന്‍ പരിശീലിപ്പിക്കാറുണ്ടോ. ഇല്ല. അതിന് ‘പൊളിറ്റിക്കല്‍ കറക്ട്നസ്’ ഇല്ലെന്ന് ആരാണ് നിശ്ചയിച്ചത്. അത് ഇതിഹാസ കഥയുടെ മര്‍മ്മ വാക്യത്തിലൂടെ ധര്‍മ്മവും പഠിപ്പിക്കുന്നതാകയാല്‍ ‘കര്‍ത്തരിപ്രയോഗ’വും ‘കര്‍മ്മണി പ്രയോഗ’വും പോലും നമ്മള്‍ പാഠ്യപദ്ധതിയില്‍നിന്ന് ഒഴിവാക്കിക്കളഞ്ഞുവല്ലോ.
സംസ്‌കൃതം സ്‌കൂളുകളില്‍ ഒന്നാം ക്ലാസുമുതല്‍ പഠിപ്പിക്കാന്‍ കഴിയാത്തത് അദ്ധ്യാപകരില്ലാത്തതിനാലാണെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍ താല്‍ക്കാലിക അദ്ധ്യാപകരെ ക്ഷണിച്ചാല്‍ പ്രളയം പോലെ അപേക്ഷകര്‍ ഓടിയെത്തുമെന്നത് വസ്തുതയാണ്. പക്ഷേ രാഷ്‌ട്രീയത്തിലെ മതേതരത്വം നമ്മള്‍ ഭാഷയിലൂം ‘അദ്ധ്യാരോപി’ക്കുമ്പോള്‍ അത് സംസ്‌കാരത്തിന്റെ അടിവേരുമുറിക്കലായിത്തീരുന്നു. പണ്ടുപണ്ടേ തുടങ്ങിയ ഈ ‘നിഗൂഢപ്രവര്‍ത്തന’ങ്ങള്‍. ‘ബാലപാഠ’ത്തില്‍നിന്ന് ‘ഗണപതി’യെ മാറ്റുകയും അവിടെ ‘ഗര്‍ദ്ദഭ’ ത്തെ കയറ്റിവെക്കുകയും ചെയ്തിതിലൂടെയാണല്ലോ അതിന്റെ ‘ഗണപതി കുറിച്ചത്’.
സംസ്‌കൃതഭാഷ പക്ഷേ, വളരും. അതിനുള്ള പരിശ്രമങ്ങള്‍ ഏറെ നടക്കുന്നുണ്ട്. അത് ഒറ്റരാത്രികൊണ്ട് നടപ്പിലാക്കാവുന്ന പ്രവര്‍ത്തനമല്ല. നമ്മുടെ സംസ്‌കാരത്തിന്റെ ചരിത്രഗ്രന്ഥപ്പുരകളായ നാളന്ദയും തക്ഷശിലയും ബഖ്ത്യാര്‍ ഖില്‍ജി എന്ന മുഗളനായ അധിനിവേശക്കാരന്‍ തീയിട്ടുനശിപ്പിച്ചപ്പോള്‍ അത് കത്തിത്തീരാന്‍ മൂന്നുമാസമെടുത്തു. എത്ര സഹസ്രാബ്ദത്തിന്റെ സ്വത്തായിരുന്നു അത്. പുനരുദ്ധാരണത്തിന്റെ ഗതിവേഗമാണ് ഇന്ന് നാളന്ദ സര്‍വകലാശാലയുടെ നവീകരണത്തിന്റെ വാര്‍ത്തയിലൂടെ അറിയുന്നത്.
സംസ്‌കൃത ഭാഷയ്‌ക്കുവേണ്ടി, അതിന്റെ പോഷണത്തിനു വേണ്ടി ജന്മകാലം ഏറെക്കുറേ പൂര്‍ണമായി സമര്‍പ്പിച്ച് ഒരു വന്‍നിര പണ്ഡിതര്‍ നമുക്കുണ്ടായിരുന്നു, ചിലര്‍ ഇന്നും ജീവിച്ചിരിക്കുന്നു. അവരുടെ നിശ്ശബ്ദവും അസംഘടിതവുമായ പ്രതിരോധം മൂലമാണ് ഇന്ന് ഇങ്ങനെയെങ്കിലുമൊക്കെ സംസ്‌കൃതം കേരളത്തില്‍ നിലകൊള്ളുന്നത്. അവര്‍ക്ക് പ്രണാമമര്‍പ്പിക്കാന്‍ ഈ അവസരം വിനിയോഗിക്കണം. പക്ഷേ, അവിടെ തീരുന്നില്ല, ഏറെ പ്രാദേശികമായ തലത്തില്‍ അത്തരത്തില്‍ സംസ്‌കൃത പ്രവര്‍ത്തനം നടത്തിയവരെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിയണം. അവരെ നാട്ടിന്ന് പരിചയപ്പെടുത്തണം. അവര്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ക്ക് തുടര്‍പ്രവര്‍ത്തനം നടത്താന്‍ ഈ തലമുറയെ സജ്ജരാക്കണം. അത് ഒരു വലിയ സംസ്‌കൃത പ്രവര്‍ത്തനമാക്കണം, നിത്യ സാംസ്‌കാരിക ശീലത്തിന്റെ ഭാഗമാക്കണം. അതിനൊരു ഘടനയും സംവിധാനവുമുണ്ടാക്കണം. നിലവിലുള്ള സംസ്‌കൃത സംഘടനകള്‍ക്ക് അതിന് കഴിയണം.
സംസ്‌കൃതത്തിനെ, ഈ രാമായണമാസത്തില്‍ കൂടുതല്‍ സ്നേഹിക്കാനും ബഹുമാനിക്കാനും തോന്നുന്ന രാമായണ സന്ദര്‍ഭംകൂടി പറഞ്ഞു നിര്‍ത്താം. അതിനു മുമ്പ് ഇതുകൂടി പറയട്ടെ, മഹാകവി അക്കിത്തത്തിന്റെ ഒരു കവിതയുണ്ട്, ‘ഓതിക്കന്‍’; വായിക്കണം. വേദം പഠിക്കാന്‍ മടിയനായ വിദ്യാര്‍ത്ഥിയും പഠിപ്പിക്കാന്‍ കര്‍ക്കശക്കാരനായ ‘ഓതിക്ക’നുമാണ് കഥാപാത്രങ്ങള്‍. കവിതയുടെ ‘കഥ’ പഞ്ഞാല്‍ അത് കവിതയെ കൊല്ലുന്നതിനു തുല്യമായതിനാല്‍ വായിക്കാന്‍ മാത്രം അഭ്യര്‍ത്ഥിക്കുന്നു.
എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം കിളിപ്പാട്ടില്‍ ‘കിഷ്‌കിന്ധാകാണ്ഡ’ത്തില്‍ സുഗ്രീവനും ശ്രീരാമനും തമ്മില്‍ സഖ്യമുണ്ടാക്കാന്‍ ഇടനിലക്കാരനായി ഹനുമാന്‍ രാമലക്ഷ്മണന്മാരെക്കാണാന്‍ പോകുന്ന ഭാഗമുണ്ട്. അവിടെച്ചെന്ന് ഹനുമാന്‍ രാമലക്ഷ്മണന്മാരോട് അവര്‍ ആരാണെന്നും എന്തിനു വന്നുവെന്നും ചോദിച്ച് സുഗ്രീവ വൃത്താന്തവും സീതാന്വേഷണ സാധ്യതയും മറ്റും പറയുന്നുണ്ട്. അതുകേട്ട് രാമന്‍ ലക്ഷ്മണനോട്, ഈ വന്നിരിക്കുന്ന അപരിചിതനെ എങ്ങനെ വിശ്വസിക്കാമെന്ന് വിവരിക്കുന്നുണ്ട്. ഭാഷകൊണ്ട്, എങ്ങനെ ഒരാളുടെ സംസ്‌കാരത്തെ അളക്കാമെന്നതിന് ലോകത്തിന് നല്‍കുന്ന ഉപദേശംകൂടിയാണത്. എഴുത്തച്ഛന്‍:
”പശ്യ സഖേ, വടുരൂപിണം ലക്ഷ്മണാ,
നിശ്ശേഷശബ്ദശാസ്ത്രമനേനശ്രുതം
ഇല്ലൊരപശബ്ദമെങ്ങുമേ വാക്കിങ്കല്‍
നല്ല വൈയാകരണന്‍ വടുനിര്‍ണ്ണയം”
ഹനുമാന്‍ ബ്രഹ്‌മചാരി വേഷത്തിലായിരുന്നു (വിദ്യാര്‍ത്ഥി, വടു). വാക്കില്‍ അപശബ്ദമില്ലായിരുന്നു. ശബ്ദശാസ്ത്രം മുഴുവന്‍ പഠിച്ചവനായിരുന്നു. നല്ല വ്യാകരണ ബോധമുള്ളവനായിരുന്നു. ”നിശ്ശേഷശബ്ദശാസ്ത്രമനേനശ്രുതം” എന്ന് എഴുത്തച്ഛന്റെ ആ എഴുത്തുണ്ടല്ലോ, അതിലെല്ലാമുണ്ട്. ഏറെ വിവരിക്കേണ്ട ഈ വിഷയം ഇവിടെ നിര്‍ത്തട്ടെ. ‘ജയതു സംസ്‌കൃതം’, എന്നും ‘വദതു സംസ്‌കൃതം’ എന്നും ഉറക്കെപ്പാടുക. അതിലുമുച്ചത്തില്‍ അതിന്റെ എല്ലാതലത്തിലും തരത്തിലുമുള്ള ഉന്നതിക്ക് ഒറ്റയ്‌ക്കും പെട്ടയ്‌ക്കും പ്രവര്‍ത്തിക്കുക.
















