ഇടുക്കി: ഓണ്‍ലൈന്‍ തട്ടിപ്പ് കേസില്‍ പശ്ചിമ ബംഗാള്‍ പൊലീസ് കോട്ടയത്ത് എത്തി പിടികൂടി കൊണ്ട് പോകവെ ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ട പ്രതിയെ ഇടുക്കി പെരുവന്താനം പൊലീസ് പിടികൂടി. പാലക്കാട് ചങ്കരംചാത്ത്, സ്വാതിനിവാസില്‍ ആനന്ദന്‍ പി തമ്പി (42)യാണ് പിടിയിലായത്.
പശ്ചിമ ബംഗാളില്‍ നടന്ന ആറു ലക്ഷം രൂപയുടെ ഓണ്‍ലൈന്‍ തട്ടിപ്പില്‍ വിധാന്‍ നഗര്‍ പൊലീസ് ഹോട്ടല്‍ ജീവനക്കാരനായ ആനന്ദനെ കോട്ടയത്തെത്തി അറസ്റ്റ് ചെയ്തിരുന്നു. കോടതിയില്‍ ഹാജരാക്കിയ ശേഷം പ്രതിയെ ഷാലിമാര്‍ എക്‌സ്പ്രസില്‍ പശ്ചിമ ബംഗാളിലേക്ക് കൊണ്ടു പോകവെ കോയമ്പത്തൂരിന് സമീപം പോത്തന്നൂര്‍ ഭാഗത്ത് വെച്ച് ഇയാള്‍ ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു.
തുടര്‍ന്ന് പെരുവന്താനം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വള്ളിയങ്കാവില്‍ ലോഡ്ജില്‍ മുറിയെടുത്ത് കുടുംബസമേതം ഒളിവില്‍ കഴിയുകയായിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സംഘം ഇയാളെ ഇവിടെനിന്നും പിടികൂടുകയായിരുന്നു.
















