തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടനത്തിന് മുന്നോടിയായുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ പൊതുമരാമത്ത് വകുപ്പില്‍ പ്രത്യേക കോര്‍ ടീം രൂപീകരിച്ചതായി മന്ത്രി പി. എ. മുഹമ്മദ് റിയാസ് അറിയിച്ചു. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കണ്‍വീനറായ ടീമില്‍ അഡീഷണല്‍ സെക്രട്ടറി, കെ.എസ്.ടി.പി പ്രൊജക്ട് ഡയറക്ടര്‍, കെ.ആര്‍.എഫ്.ബി (പി.എം.യു) പ്രൊജക്ട് ഡയറക്ടര്‍, നിരത്ത്, പാലങ്ങള്‍, ദേശീയപാത, ഡിസൈന്‍ വിഭാഗം ചീഫ് എഞ്ചിനീയര്‍മാര്‍, റിക്ക്, പ്രതീക്ഷ – ആശ്വാസ് മാനേജിംഗ് ഡയറക്ടര്‍മാര്‍ എന്നിവര്‍ അംഗങ്ങളാണ്. ശബരിമല തീര്‍ത്ഥാടന കാലത്തിന് മുന്നോടിയായുള്ള പ്രവൃത്തി വിലയിരുത്തലിനായി ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഈ തീരുമാനമെടുത്തത്.
ഓരോ ജില്ലകളിലും പ്രവൃത്തി വിലയിരുത്തുന്നതിനുള്ള ചുമതല ഓരോ ചീഫ് എഞ്ചിനീയര്‍മാര്‍ക്കായി നല്‍കി. പ്രത്യേക ഇന്‍സ്പെക്ഷന്‍ ടീമും ഓരോ ജില്ലകള്‍ക്കായി രൂപീകരിച്ചിട്ടുണ്ട്. ആഗസ്റ്റ് 25-ന് മുന്‍പ് പരിശോധന നടത്തി ഈ ടീം റിപ്പോര്‍ട്ട് നല്‍കണം. തീര്‍ത്ഥാടന കാലം അവസാനിക്കും വരെ ഈ സംഘത്തിന്റെ പരിശോധന തുടരും.
















