കോട്ടയം: അമേരിക്കയിലെ പെന്‍സില്‍വേനിയയിലുള്ള വീട്ടില്‍ മലയാളി വൃദ്ധദമ്പതികളെ മരിച്ചനിലയില്‍ കണ്ടെത്തി. കുമരകം വാക്കയില്‍ സി.ജി.പ്രസാദ് (76), ഭാര്യ പെണ്ണുക്കര പന്തപാത്രയില്‍ ആനി പ്രസാദ് (73) എന്നിവരാണ് ഹാരിസ്ബര്‍ഗിലെ വീട്ടില്‍ മരിച്ചത്. ഇരുവരും മാത്രമാണു വീട്ടിലുണ്ടായിരുന്നത്. എയര്‍ കണ്ടീഷണറിലെ തകരാര്‍ മൂലം വാതകച്ചോര്‍ച്ചയുണ്ടായി മരണം സംഭവിച്ചെന്നാണ് നാട്ടില്‍ ലഭിച്ച വിവരം. കഴിഞ്ഞ 27നുണ്ടായ സംഭവം ഇപ്പോഴാണ് നാട്ടില്‍ അറിയുന്നത്.
ആനിയുടെ നാട്ടിലുള്ള സഹോദരി ഫോണില്‍ വിളിച്ചിട്ടും എടുക്കാതെ വന്നതിനെത്തുടര്‍ന്ന് അമേരിക്കയില്‍ തന്നെയുളള മക്കളെ വിവരം അറിയിക്കുകയായിരുന്നു. അവര്‍ ചെന്നപ്പോഴാണ് ദമ്പതികളെ മരിച്ചനിലയില്‍ കണ്ടത്. സംസ്‌കാരം 9നു ഫിലഡല്‍ഫിയ സെന്റ് പീറ്റേഴ്‌സ് സിറിയന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍. മക്കള്‍: സന്ധ്യ, കാവ്യ (ഇരുവരും യുഎസ്). മരുമകന്‍: ഡോണ്‍ കാസ്‌ട്രോ.
















