കോഴിക്കോട് : മുണ്ടക്കൈ -ചൂരല്‍മല ദുരന്ത ബാധിതര്‍ക്കായുള്ള വീട് നിര്‍മ്മാണത്തില്‍ മുസ്ലീം ലീഗ് വന്‍ തട്ടിപ്പാണ് നടത്തിയത് എന്ന് കെ ടി ജലീല്‍ എംഎല്‍എ. തോട്ടഭൂമി എന്ന് അറിഞ്ഞാണ് സ്ഥലം ഇടപാട് നടന്നത്.ഒരു സെന്റ് ഒരു ലക്ഷം രൂപയ്‌ക്കാണ് വാങ്ങിയത്.കരാര്‍ ആകും മുമ്പ് തറക്കല്ലിടല്‍ നടന്നെന്നും നിര്‍മ്മാണ അനുമതി കിട്ടാത്ത സ്ഥലം ആണ് ഇതെന്നും ജലീല്‍ പറഞ്ഞു.
ഒരു സെന്റിന് ഒരു ലക്ഷത്തി 22 ,000 രൂപ എന്നത് പകല്‍ കൊള്ളയാണ്. മുസ്ലീംലീഗ് ദുരന്ത സഹായത്തിനായി പിരിച്ച പണത്തിന് കയ്യും കണക്കും ഇല്ല. പാണക്കാട് തങ്ങളെ ലാന്‍ഡ് ബോര്‍ഡിന്റെ മുന്നിലേക്ക് എറിഞ്ഞു കൊടുത്തിരിക്കുകയാണ് മുസ്ലീം ലീഗ് നേതാക്കള്‍. വലിയ ചതിയും പറ്റിക്കലുമാണ് ലീഗിന്റെ അഞ്ചംഗ ഉപസമിതി നടത്തിയതെന്ന് ജലീല്‍ ആരോപിച്ചു.
ക്രിക്കറ്റ് ടീമിനെ നിശ്ചയിക്കും പോലെയാണ് സമിതി ഉണ്ടാക്കിയത്.നിയമ പരിജ്ഞാനം ഉള്ള ആരും സമിതിയില്‍ ഉണ്ടായിരുന്നില്ലെന്നും ജലീല്‍ ചൂണ്ടിക്കാട്ടി. കുറഞ്ഞ തുകയ്‌ക്ക് ഭൂമി ലഭ്യമാകും എന്നിരിക്കെ എന്തിനാണ് ഇത്രയും വലിയ തുകയ്‌ക്ക് ഭൂമി വാങ്ങിയത്. ഉപസമിതിയെ സസ്‌പെന്‍ഡ് ചെയ്യാന്‍ പാര്‍ട്ടി തയാറാകണം.
ദുരന്തബാധിതരില്‍ സമുദായിക ചേരിതിരിവ് ഉണ്ടാക്കാനാണ് മുസ്ലീം ലീഗ് ശ്രമിച്ചതെന്നും ഉത്തരേന്ത്യന്‍ മോഡല്‍ ഗല്ലികള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്നും ജലീല്‍ കുറ്റപ്പെടുത്തി. പള്ളി പണിത് നല്‍കാം എന്ന് വാഗ്ദാനം നല്‍കുന്നു. അവിടെ വോട്ട് ബാങ്ക് ഗ്രാമം ഉണ്ടാക്കാന്‍ ആണ് ശ്രമം. 15 ലക്ഷം രൂപ മടക്കി നല്‍കി ഗുണ ഭോക്താക്കള്‍ സര്‍ക്കാര്‍ സ്‌കീമിലേക്ക് മടങ്ങണമെന്നും ജലീല്‍ ആവശ്യപ്പെട്ടു.
















