തിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക് ക്രിക്കറ്റ് ടീം വരുന്നു.ചലഞ്ചേഴ്‌സ് ക്ലബ്ബ് തിരുവനന്തപുരത്ത് സംഘടിപ്പിച്ച കെഎസ്ആര്‍ടിസി ജീവനക്കാരുടെ സംസ്ഥാനതല ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ സമ്മാനദാനം നിര്‍വഹിച്ച് സംസാരിക്കവെയാണ് ക്രിക്കറ്റ് ടീം രൂപീകരിക്കുമെന്ന മന്ത്രി ഗണേഷ്‌കുമാറിന്റെ പ്രഖ്യാപനം.
നേരത്തേ നമുക്ക് വോളിബോള്‍, ഫുട്‌ബോള്‍ ടീമുകള്‍ ഉണ്ടായിരുന്നു. കലാസാംസ്‌കാരിക വേദി ഉണ്ടായിരുന്നു. അതെല്ലാം കാലാകാലങ്ങളില്‍ നഷ്ടപ്പെട്ടു.ഇന്ന് ക്രിക്കറ്റാണ് ജനകീയമായ മത്സരം. ഇവിടെ മത്സരിച്ച ടീമുകളിലെ മികച്ച താരങ്ങളെ ഉള്‍പ്പെടുത്തി നമുക്ക് ക്രിക്കറ്റ് ടീം സംഘടിപ്പിക്കണം. കെഎസ്ആര്‍ടിസിക്ക് ക്രിക്കറ്റ് ടീം രൂപീകരിക്കാന്‍ സിഎംഡിയോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
കഴിഞ്ഞ ജൂലായ് മാസത്തില്‍ കെഎസ്ആര്‍ടിയുടെ നഷ്ടം 62 കോടി രൂപയായിരുന്നു. ഇപ്പോള്‍ അത് 10 കോടി കുറഞ്ഞ് 51 കോടിയായി. സ്ഥാപനം നഷ്ടത്തില്‍ നിന്ന് കരകയറുകയാണ്. കെഎസ്ആര്‍ടിസി കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറച്ചു വണ്ടി ഓടിച്ച് കൂടുതല്‍ സാമ്പത്തിക നേട്ടം ഉണ്ടാക്കുന്നു.എന്നാല്‍ നമ്മുടെ ബാധ്യതകള്‍ പലതും കൂടുതലാണ്.എങ്കില്‍ പോലും നമ്മള്‍ ആ ഒരു പരാജയത്തിന്റെ പടുകുഴിയില്‍ നിന്ന് കരകയറുകയാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
















