ന്യൂദല്‍ഹി: ഹരിതവിപ്ലവത്തിന്റെ പിതാവും പ്രമുഖകാര്‍ഷിക ശാസ്ത്രജ്ഞനുമായിരുന്ന പ്രൊഫ. എം.എസ്. സ്വാമിനാഥന്റെ ജന്മശതാബ്ദിയുടെ ഭാഗമായുള്ള അന്താരാഷ്‌ട്ര സമ്മേളനത്തിന് ഇന്ന് തുടക്കം. രാവിലെ ഒന്‍പതിന് പുസയിലെ ഇന്ത്യന്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും.
പ്രൊഫ. എം.എസ്. സ്വാമിനാഥന്‍ സ്മാരക നാണയത്തിന്റെയും സ്റ്റാമ്പിന്റെയും പ്രകാശനം പ്രധാനമന്ത്രി നിര്‍വഹിക്കും. എം.എസ്. സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷനും വേള്‍ഡ് അക്കാദമി ഓഫ് സയന്‍സസും ചേര്‍ന്ന് നല്‍കുന്ന പ്രഥമ എം.എസ്. സ്വാമിനാഥന്‍ അവാര്‍ഡ് ഫോര്‍ ഫുഡ് ആന്‍ഡ് പീസ്, ചടങ്ങില്‍ പ്രധാനമന്ത്രി സമ്മാനിക്കും.
നിത്യഹരിത വിപ്ലവം, ജൈവ ആനന്ദത്തിലേക്കുള്ള പാത എന്നതാണ് സമ്മേളനത്തിന്റെ പ്രമേയം. ജൈവ വൈവിധ്യം സംബന്ധിച്ച് വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടക്കും. കൃഷി, കര്‍ഷകക്ഷേമ മന്ത്രാലയം, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച്, നാഷണല്‍ അക്കാദമി ഓഫ് അഗ്രികള്‍ച്ചറല്‍ സയന്‍സസ് എന്നിവയുടെ സഹകരണത്തോടെ എം.എസ്. സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷനാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. ഒന്‍പതിന് സമാപിക്കും.
















