റിയോ ഡി ജനീറോ: തീരുവ സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വിളിക്കില്ലെന്നും പകരം ഭാരതത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിനേയും വിളിക്കുമെന്ന് ബ്രസീല്‍ പ്രസിഡന്റ് ലുല ഡ സില്‍വ. ബ്രസീലിയയിലെ ഒരു പരിപാടിയില്‍ സംസാരിക്കവെയാണ് ലുല ഡ സില്‍വ ഇക്കാര്യം പറഞ്ഞത്.
റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന് ഇപ്പോള്‍ യാത്ര ചെയ്യാന്‍ സാധ്യമല്ലാത്തതിനാല്‍ അദ്ദേഹത്തെ വിളിക്കില്ലെന്നും മറ്റ് നിരവധി പ്രസിഡന്റുമാരെ വിളിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തീരുവ സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി എപ്പോള്‍ വേണമെങ്കിലും തന്നെ വിളിക്കാമെന്ന ഡൊണാള്‍ഡ് ട്രംപിന്റെ വാഗ്ദാനം നിരസിച്ച ലുല ഡ സില്‍വ, യുഎസ് നേതാവിനോട് സംസാരിക്കാന്‍ താത്പര്യമില്ലെന്നും പറഞ്ഞു.
50 ശതമാനം തീരുവ ചുമത്താനുള്ള ട്രംപ് ഭരണകൂടത്തിന്റെ തീരുമാനത്തെത്തുടര്‍ന്ന് യുഎസും ബ്രസീലും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായതോടെ തീരുവകള്‍ ഏര്‍പ്പെടുത്തിയ ദിവസത്തെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ചരിത്രത്തിലെ ഏറ്റവും ഖേദകരമായ സമയമെന്നാണ് ലുല വിശേഷിപ്പിച്ചത്.
തങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ലോക വ്യാപാര സംഘടന (ഡബ്ല്യുടിഒ) ഉള്‍പ്പെടെയുള്ള എല്ലാ മാര്‍ഗങ്ങളും ബ്രസീല്‍ ഉപയോഗിക്കും.
ബ്രിക്സ് പങ്കാളികള്‍ ഉള്‍പ്പെടെയുള്ള മറ്റ് രാജ്യങ്ങളുമായി വ്യാപാരം ശക്തിപ്പെടുത്തുന്നതിന് തന്റെ ഭരണകൂടം നടപടികള്‍ സ്വീകരിക്കുകയാണ്. യുഎസിലെ ഭരണമാറ്റത്തിന്
മുന്‍പുതന്നെ വിദേശ വ്യാപാരം ശക്തിപ്പെടുത്തുന്നതിനും ആഭ്യന്തര കമ്പനികള്‍ക്ക് പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.
അതേസമയം നവംബറില്‍ ബ്രസീലിലെ ബെലെമില്‍ നടക്കുന്ന യുഎന്‍ കാലാവസ്ഥാ ഉച്ചകോടിയായ കോപ് 30 ലേക്ക് ട്രംപിനെ ക്ഷണിക്കുമെന്ന് ലുല
പറഞ്ഞു.
















