കോഴിക്കോട്: ആരോഗ്യമേഖലയില്‍ കേരളം നമ്പര്‍ വണ്‍ എന്ന് പറയുമ്പോഴും ആരോഗ്യ വകുപ്പില്‍ ആവശ്യത്തിന് ജീവനക്കാരില്ല. കൃത്യമായി നിയമനം നടക്കാത്തതിനാല്‍ സംസ്ഥാനത്തെ ആരോഗ്യ രംഗത്ത് നിരവധി തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നു.
അറുനൂറോളം ഒഴിവുകളാണ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ തസ്തികയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതുകാരണം രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുകയാണ്. സീനിയോറിറ്റി തര്‍ക്കവുമായി ബന്ധപ്പെട്ട കേസുകള്‍ നിലനില്‍ക്കുന്നതിനാലാണ് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തത്. ഒന്‍പതു മാസം മുമ്പ് നിലവില്‍ വന്ന പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് 2 തസ്തികയിലേക്ക് രണ്ടായിരത്തോളം ഉദ്യോഗാര്‍ത്ഥികളുണ്ട്. 1837 ഒഴിവുകളുമുണ്ട്. എന്നാല്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് 10 മാസം പിന്നിടുമ്പോഴും കൃത്യമായി നിയമനം നടത്തിയിട്ടില്ല.
കോഴിക്കോട് ഏഴ്, ആലപ്പുഴ 15, കോട്ടയം 32, എറണാകുളം മൂന്ന്, പാലക്കാട് ഒന്ന്, മലപ്പുറം മൂന്ന്, വയനാട് രണ്ട്, കണ്ണൂര്‍ മൂന്ന്, പത്തനംതിട്ട ഏഴ് എന്നിങ്ങനെ 73 നിയമനങ്ങള്‍ മാത്രമാണ് ഇതുവരെ നടന്നിട്ടുള്ളത്. കൂടുതല്‍ ഒഴിവുകള്‍ വന്ന കോട്ടയം ജില്ലയില്‍ 32 പേരെ നിയമിച്ചതൊഴിച്ചാല്‍ മറ്റു ജില്ലകളില്‍ നിയമനം നാമമാത്രമാണ്. ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നില്ല. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, തൃശൂര്‍, വയനാട് ജില്ലകളില്‍ ഒരാളെ പോലും നിയമിച്ചിട്ടില്ല.
നിലവിലുള്ള തസ്തികകളില്‍ സ്ഥാനക്കയറ്റം വൈകുന്നതും ആരോഗ്യ വകുപ്പിലെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിസന്ധിയെന്ന് റിപ്പോര്‍ട്ട്. തദ്ദേശ, നിയമസഭാ തെരഞ്ഞടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നാല്‍ നിയമനം ഇനിയും വൈകുമെന്നാണ് സൂചന. ടെക്‌നിക്കല്‍ അസിസ്റ്റന്റ്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ( ഗ്രേഡ് 1,2) തസ്തികകളില്‍ ഇക്കൊല്ലം 200 ല്‍ ഏറെ പേരാണ് വിരമിച്ചത്. ഇതോടെ പലയിടത്തും ജീവനക്കാര്‍ ഇല്ലാതെ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായിരിക്കുകയാണ്. സീനിയോറിറ്റി തര്‍ക്കവുമായി ബന്ധപ്പെട്ട് കേസുള്ളതിനാല്‍ വിരമിച്ച ഒഴിവുകളില്‍ നിയമനം നടത്താനാവുന്നില്ല എന്നാണ് പറയുന്നത്. കഴിഞ്ഞ റാങ്ക് ലിസ്റ്റില്‍ സീനിയോറിറ്റി തര്‍ക്കമുണ്ടായപ്പോള്‍, സര്‍ക്കാര്‍ താത്ക്കാലിക പ്രൊമോഷന്‍ നടത്താന്‍ കോടതിയില്‍ നിന്ന് അനുവാദം വാങ്ങിയിരുന്നു. ഇത്തവണ അങ്ങനെ ഒരു നീക്കവും നടക്കുന്നില്ല. ഒഴിവുള്ള തസ്തികകളില്‍ നിയമനം നടത്തണമെന്ന് ജെഎച്ച്‌ഐ റാങ്ക് ഹോള്‍ഡേഴ്‌സ് യൂണിയന്‍ സംസ്ഥാന സര്‍ക്കാറിനോടും ആരോഗ്യവകുപ്പിനും നിവേദനം നല്‍കിയിട്ടുണ്ട്.
















