ന്യൂദൽഹി : ലോകത്തിന്റെ വികസനത്തിന് യുഎസിനേക്കാൾ കൂടുതൽ സംഭാവന നൽകുന്നത് ഇന്ത്യയാണെന്ന് ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര . ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ നിർജ്ജീവ സമ്പദ്വ്യവസ്ഥയെന്ന് വിളിച്ച ട്രംപിനുള്ള മറുപടിയാണിത് . ഇന്ത്യൻ സമ്പദ്വ്യവസ്ഥ വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും ലോകത്തിന്റെ വികസനത്തിന് ഏകദേശം 18 ശതമാനത്തോളം ഇന്ത്യയുടെ സംഭാവന ആണെന്നും ആർബിഐ ഗവർണർ പറഞ്ഞു. ഇത് യുഎസ് നൽകുന്ന ഏകദേശം 11 ശതമാനത്തിനേക്കാൾ വളരെ കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.
‘ 2025 ൽ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ 6.5 ശതമാനം നിരക്കിൽ വളരുമെന്ന് പ്രതീക്ഷിക്കുന്നു. ആഗോള വളർച്ചാ നിരക്ക് 3 ശതമാനമായിരിക്കും.രാജ്യത്തെ പൗരന്മാരുടെ താൽപ്പര്യവും ക്ഷേമവുമാണ് നമുക്ക് പരമപ്രധാനം . രാജ്യത്തെ പൗരന്മാരാണ്, പ്രത്യേകിച്ച് സമൂഹത്തിന്റെ ഏറ്റവും താഴ്ന്ന നിലയിൽ നിൽക്കുന്നവർ, അവരാണ് നമ്മുടെ നിലനിൽപ്പിന് അടിസ്ഥാന കാരണക്കാർ. റഷ്യയിൽ നിന്ന് ഒഴികെയുള്ള മറ്റേതെങ്കിലും രാജ്യത്ത് നിന്ന് എണ്ണ വാങ്ങാൻ ഇന്ത്യ നിർബന്ധിതരായാലും, നമ്മുടെ ആഭ്യന്തര പണപ്പെരുപ്പത്തെ അത് ബാധിക്കില്ല . ആവശ്യമെങ്കിൽ തീരുവ കുറച്ചുകൊണ്ട് സാധാരണക്കാർക്ക് ആശ്വാസം നൽകാൻ സർക്കാരിന് കഴിയും.‘ – സഞ്ജയ് മൽഹോത്ര പറഞ്ഞു.
















