കൊച്ചി: ദുബായ്‌യില്‍ നടക്കുന്ന ഏഷ്യന്‍ യോഗാസന ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കാന്‍ കേരളത്തില്‍ നിന്നുള്ള 13 പേര്‍ ഇന്ന് പുറപ്പെടും. യുഎഇയിലെ ഫുജൈറയില്‍ സയ്ദ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ വച്ച് ഈ മാസം 9 മുതല്‍ 11 വരെയാണ് യോഗ മത്സരം. ഏഷ്യന്‍ യോഗാസന സ്‌പോര്‍ട്‌സ് ഫെഡറേഷനും (എവൈഎസ്എഫ്), യുഎഇയുടെ കായിക മന്ത്രാലയവും ചേര്‍ന്നാണ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നത്.
കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും പതിമൂന്ന് പേരാണ് ദേശീയ തലത്തില്‍ വിജയിച്ച് അന്താരാഷ്‌ട്ര തലത്തിലേക്ക് മത്സരിക്കാന്‍ പോകുന്നത്. നാഷണല്‍ യോഗാസന സ്‌പോര്‍ട്‌സ് ഫെഡറേഷന്‍ (എന്‍വൈഎസ്എഫ്) ആണ് ദേശീയ തലത്തില്‍ മത്സരം സംഘടിപ്പിച്ചത്. ജൂനിയര്‍ ബോയ്‌സ്, ജൂനിയര്‍ ഗേള്‍സ്, സീനിയര്‍ ബോയ്‌സ്, സീനിയര്‍ ഗേള്‍സ് എന്നിങ്ങനെയാണ് മത്സര വിഭാഗങ്ങള്‍.
ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ നിന്ന് നിമ. പി, അഞ്ജന ബിജു, സ്വാതി കൃഷ്ണ, മാളവിക സനില്‍ കുമാര്‍. ജൂനിയര്‍ ആണ്‍കുട്ടികളില്‍ നിന്നും അര്‍ജുന്‍ സി. വി, ആകാശ് കെ. എസ്. കെവിന്‍ കെ.വി, നവീന്‍ മാര്‍ട്ടിന്‍, ജോയല്‍ ജോസ്, മാധവ് വി.എം, വിജയ് സാബു എന്നിവരാണ് ജൂനിയര്‍ ആണ്‍കുട്ടികളില്‍ നിന്നും മത്സരിക്കുന്നത്. ഫാത്തിമത്ത് ഷെഹ്‌ല മാത്രമാണ് സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ നിന്ന് ദുബായിലേക്ക് പോകുന്നത്.
കേരളത്തിന്റെ അഭിമാനമായി ദുബായിലേക്ക് പോകുന്ന ഇവര്‍ നേരിടുന്ന പ്രധാന വെല്ലുവിളിയാണ് യാത്രയ്‌ക്കും മറ്റുമുള്ള ചെലവുകള്‍. ”മത്സരത്തില്‍ പങ്കെടുക്കുന്ന ഒരാളുടെ കൈയില്‍ നിന്ന് യാത്രയ്‌ക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി ഏകദേശം ഒരു ലക്ഷം രൂപയോളം ചെലവ് വരുന്നുണ്ട്. സ്പോണ്‍സര്‍മാരെ ഒന്നും ഇതുവരെ ലഭിച്ചിട്ടില്ല” കെവിന്‍ അഭിപ്രായപ്പെട്ടു. എറണാകുളം ജില്ലയിലെ ഊന്നുകല്‍ ആണ് കെവിന്റെ സ്വദേശം.
ദേശീയ തലത്തിലെ യോഗ മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയാണ് കെവിന്‍ ദുബായ്‌യിലേക്ക് പോകുന്നത്.
















