മനില: ദക്ഷിണ ചൈന കടലില്‍ തര്‍ക്കപ്രദേശത്ത് ഫിലിപ്പീന്‍സുമായി ചേര്‍ന്ന് ഭാരത നാവികസേന സൈനികാഭ്യാസം നടത്തി. ഇതാദ്യമായാണ് തന്ത്രപരമായ ഈ സൈനിക നീക്കം. ഫിലിപ്പീന്‍സിന് ചൈനയുമായി സമുദ്രാതിര്‍ത്തി സംബന്ധിച്ച തര്‍ക്കമുള്ള മേഖലയിലാണ് സൈനികാഭ്യാസം നടത്തിയത്. കഴിഞ്ഞ ഞായറാഴ്ച തുടങ്ങിയ സൈനികാഭ്യാസം തിങ്കളാഴ്ച സമാപിച്ചു. ഫിലിപ്പീന്‍സ് പ്രസിഡന്റ് ഫെര്‍ഡിനാന്‍ഡ് ആര്‍. മാര്‍ക്കോസ് ജൂനിയര്‍ ഭാരതത്തില്‍ സന്ദര്‍ശനത്തിനെത്തിയ സമയത്തു തന്നെയാണ് സൈനികാഭ്യാസം എന്നതും ശ്രദ്ധേയമായി.
ഭാരതത്തിന്റെ ഐഎന്‍എസ് ശക്തി എന്ന യുദ്ധക്കപ്പലാണ് സൈനികാഭ്യാസത്തില്‍ പങ്കെടുത്തത്. ഭാവിയില്‍ ഭാരത നാവികസേനയുമായി കൂടുതല്‍ സഹകരണത്തോടെ പ്രവര്‍ത്തിക്കുമെന്ന് ഫിലിപ്പീന്‍സ് സൈനിക മേധാവി ജനറല്‍ റൊമിയോ ബ്രൗണര്‍ വ്യക്തമാക്കി. സൈനികാഭ്യാസം നിരീക്ഷിക്കാന്‍ ചൈന ഈ മേഖലയിലേക്ക് രണ്ട് യുദ്ധക്കപ്പലുകള്‍ അയച്ചിരുന്നു.
ഭാരതത്തിന്റെ യുദ്ധക്കപ്പല്‍ ഫിലിപ്പീന്‍സില്‍ എത്തിയത് വെറുമൊരു ചടങ്ങ് മാത്രമല്ല. ഇന്തോ-പസഫിക് മേഖലയിലെ രണ്ട് ജനാധിപത്യ രാജ്യങ്ങള്‍ തമ്മിലുള്ള ഐക്യദാര്‍ഢ്യത്തിന്റെ ശക്തമായ സന്ദേശമാണ്, ജനറല്‍ റൊമിയോ ബ്രൗണര്‍ പറഞ്ഞു.
തര്‍ക്കമേഖലയിലേക്ക് പുറത്തുനിന്നുള്ള രാജ്യങ്ങളെ കൊണ്ടുവന്ന് സൈനികാഭ്യാസങ്ങള്‍ നടത്തുന്നത് പ്രാദേശിക സമാധാനത്തിനും സുരക്ഷയ്‌ക്കും ഭീഷണിയാണെന്ന് ഭാരതത്തിന്റെ പേരെടുത്തു പറയാതെ ചൈന മുന്നറിയിപ്പ് നല്കി.














