പത്തനംതിട്ട: മഹാപ്രളയത്തിന്റെ ഏഴം വാര്‍ഷികത്തിന് ഏതാനും ദിവസങ്ങള്‍ മാത്രം ശേഷിക്കെ കേരളത്തിലെ പ്രധാന അണക്കെട്ടുകളിലെല്ലാം ജലനിരപ്പ് അപകട രേഖയിലേക്ക് അടുക്കുന്നു. വൈകാതെ എല്ലാ ഡാമുകളും തുറന്ന് ജലം പുറത്തേക്ക് ഒഴുക്കേണ്ട സാഹചര്യമാണിപ്പോള്‍. സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ ജലവൈദ്യുത പദ്ധതിയായ മൂഴിയാര്‍ ശബരിഗിരിയുടെ കക്കി-ആനത്തോട് അണക്കെട്ടില്‍ ജലനിരപ്പ് അപകടാവസ്ഥയോട് അടുക്കുന്നു. ഇന്നലെ രാവിലെ 11ന് സ്പില്‍വേ സ്ഥിതി ചെയ്യുന്ന സപ്പോര്‍ട്ടിങ് ഡാമായ ആനത്തോടിന്റെ നാലു ഷട്ടറുകള്‍ ഘട്ടം ഘട്ടമായി 30 മുതല്‍ 60 സെന്റിമീറ്റര്‍ വരെ ഉയര്‍ത്തി 50 മുതല്‍ 100 ക്യു മെക്സ് തോതില്‍ ജലം പുറത്തേക്ക് ഒഴുക്കുമെന്ന് മുന്നറിയിപ്പു നല്‍കിയിരുന്നു. എന്നാല്‍ വൃഷ്ടിപ്രദേശത്ത് നീരൊഴുക്ക് കുറഞ്ഞതോടെ ഇപ്പോള്‍ ഷട്ടറുകള്‍ തുറക്കില്ലെന്ന അറിയിപ്പ് പിന്നീടുവന്നു. ഇപ്പോള്‍ ആകെ സംഭരണശേഷിയുടെ 79.19% ജലമാണ് കക്കി ഡാമിലുള്ളത്.
ജലനിരപ്പ് 2,377 അടിയായി (70.82%) ഉയര്‍ന്നതോടെ ഇടുക്കി ഡാമില്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 2,381.53 അടിയില്‍ എത്തിയാല്‍ ഓറഞ്ച് അലര്‍ട്ടും 2,382.53 അടി എത്തിയാല്‍ റെഡ് അലര്‍ട്ടും പ്രഖ്യാപിക്കും.
വൃഷ്ടിപ്രദേശത്ത് മഴ ശക്തമായതിനാല്‍ വരുന്ന ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഡാം തുറന്നു വിടാനുള്ള സാധ്യത ഏറെയാണ്. ഇതിനോടകം സംസ്ഥാനത്തെ 11 അണക്കെട്ടുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബാണാസുര സാഗര്‍ (89.43%), ഷോളയാര്‍ (97.72%), മാട്ടുപെട്ടി (95.29%), പൊന്മുടി (90.90%), പെരിങ്ങല്‍ക്കുത്ത് (62.71%), കല്ലാര്‍കുട്ടി (96.72%), ലോവര്‍ പെരിയാര്‍ (99.05%), മൂഴിയാര്‍ (88.02%), കക്കി ( 79.19%), മീങ്കര (93%), വാളയാര്‍ (94%).
ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച ഡാമുകള്‍
കുറ്റ്യാടി (89.92%), ചുള്ളിയാര്‍ (95%), മംഗലം (79%), പോത്തുണ്ടി (95%). അടുത്ത ദിവസങ്ങളില്‍ ഈ ഡാമുകള്‍ തുറന്നു വിടേണ്ട അവസ്ഥയിലാകും. 2018-ലെ മഹാപ്രളയത്തെ പാഠമാക്കി പരമാവധി ജലം സംഭരിക്കുക എന്ന നയത്തില്‍ നിന്നും കെഎസ്ഇബി പിന്മാറിയെന്നാണ് അറിവ്. റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും മുമ്പ് പ്രധാന ഡാമുകള്‍ എല്ലാം തുറക്കാനാണ് സാധ്യത.











