ഉത്തരകാശി: ഉത്തരാഖണ്ഡ് ഉത്തരകാശിയില്‍ മേഘ വിസ്‌ഫോടനവും മിന്നല്‍ പ്രളയവും. നാലു പേര്‍ മരിച്ചു. അന്‍പതിലധികം പേരെ കാണാനില്ല. ഇന്നലെ ഉച്ചയ്‌ക്ക് 1.45നുണ്ടായ മേഘ വിസ്‌ഫോടനത്തെത്തുടര്‍ന്നുള്ള മിന്നല്‍ പ്രളയത്തില്‍ ഉത്തരകാശിയിലെ ധരാളി ഗ്രാമം വെള്ളത്തിലായി.
മണ്ണിടിച്ചിലില്‍ നിരവധി വീടുകള്‍ ഒഴുകിപ്പോയി. ഉത്തരകാശി പോലീസ്, എസ്ഡിആര്‍എഫ്, എന്‍ഡിആര്‍എഫ്, സൈന്യം എന്നിവ സംയുക്തമായി പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുന്നു. സൈന്യം 15 പേരെ രക്ഷപ്പെടുത്തിയതായി അറിയിച്ചു. മുഖ്ബയിലെ ശൈത്യകാല ആസ്ഥാനത്തിനും ഗംഗോത്രി ഡാമിനും സമീപമാണ് ദുരന്ത ബാധിത പ്രദേശം. ഹാര്‍സില്‍ മേഖലയിലെ അഴുക്കുചാലില്‍ വെള്ളം നിറഞ്ഞത് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കി.
സംഭവത്തില്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി ദുഃഖം രേഖപ്പെടുത്തി. ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവിധ സഹായവും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉറപ്പുനല്കി. ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിലെ 16 അംഗ സംഘം സ്ഥലത്തെത്തി.
അമിത്ഷാ, ധാമിയുമായി സംസാരിച്ചു. രക്ഷാ പ്രവര്‍ത്തനത്തിനായി ദേശീയ ദുരന്ത നിവാരണ സേനയെയും ഉടന്‍ സ്ഥലത്തെത്തിക്കാന്‍ ആഭ്യന്തര മന്ത്രി നിര്‍ദേശം നല്കി. ഈ മാസം 10 വരെ ഉത്തരാഖണ്ഡില്‍ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്ര മുന്നറിയിപ്പ്. മിന്നല്‍ പ്രളയത്തില്‍ നാല് പേര്‍ മരിക്കാനിടയായതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദുഃഖം രേഖപ്പെടുത്തി.














