മംഗളുരു: ധര്‍മസ്ഥലയില്‍ മൃതദേഹങ്ങള്‍ കൂട്ടത്തോടെ കുഴിച്ചിട്ടെന്ന ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്നുളള അന്വേഷണത്തില്‍ പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം കണ്ടെത്തിയത് നൂറിലേറെ അസ്ഥികള്‍. ആറാം നമ്പര്‍ സൈറ്റില്‍നിന്നും 11-ാം നമ്പര്‍ സൈറ്റില്‍നിന്നുമാണ് അസ്ഥികള്‍ കണ്ടെത്തിയത്.
ഫോറന്‍സിക് വിദഗ്ധര്‍ സാമ്പിളുകള്‍ പരിശോധിച്ചുവരികയാണ്.മൃതദേഹങ്ങള്‍ കുഴിച്ചിട്ട 15 സൈറ്റുകളില്‍ 12ലും 13ലും മാത്രമാണ് ഇനി പരിശോധന നടത്താനുള്ളത്. ആവശ്യമെങ്കില്‍ തെരച്ചില്‍ കൂടുതല്‍ സ്ഥനങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും അന്വേഷണ സംഘം അറിയിച്ചു.
സൈറ്റ് 11-എയില്‍ നിന്ന് കുറഞ്ഞത് മൂന്ന് മൃതദേഹാവശിഷ്ടങ്ങളെങ്കിലും കണ്ടെത്തിയതായി പരാതിക്കാരില്‍ ഒരാളുടെ അഭിഭാഷകന്‍ അവകാശപ്പെട്ടു.ഒരു കുന്നിന്‍ മുകളില്‍ നടത്തിയ തെരച്ചിലില്‍നിന്ന് മൃതദേഹാവശിഷ്ടങ്ങള്‍ ലഭിച്ചതായും അതില്‍ ഒന്ന് സ്ത്രീയുടേതാണെന്നുമാണ് പറഞ്ഞത്. അതേ സ്ഥലത്തുനിന്ന് ഒരു സാരിയും കണ്ടെടുത്തതായി റിപ്പോര്‍ട്ടുണ്ടെങ്കിലും അത്തരം അവശിഷ്ടങ്ങളൊന്നും കണ്ടെത്തിയതായി സ്ഥിരീകരിച്ചിട്ടില്ലെന്ന് ഉന്നത പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
1998നും 2014നും ഇടയില്‍ ലൈംഗികാതിക്രമ ലക്ഷണങ്ങള്‍ ഉണ്ടായിരുന്ന സ്ത്രീകളുടെയും പ്രായപൂര്‍ത്തിയാകാത്തവരുടെയും മൃതദേഹങ്ങള്‍ മറവുചെയ്യാന്‍ തന്നെ നിര്‍ബന്ധിച്ചുവെന്ന മുന്‍ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിനെത്തുടര്‍ന്നാണ് തെരച്ചില്‍ നടത്തുന്നത്.
















