തിരുവനന്തപുരം: ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷനായിരിക്കെ പാലോട് രവി നടത്തിയ വിവാദ ഫോണ്‍ സംഭാഷണത്തില്‍ കെപിസിസി അച്ചടക്കസമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അച്ചടക്ക സമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കെപിസിസി അധ്യക്ഷന്‍ സണ്ണി തോമസിന് റിപ്പോര്‍ട്ട് നല്‍കി. സദുദേശ്യത്തോടെ നടത്തിയ സംഭാഷണമെന്നാണ് റിപ്പോര്‍ട്ടിലെ സൂചന.
പാലോട് രവിയുമായി വിവാദ ഫോണ്‍ സംഭാഷണം നടത്തിയ വാമനപുരം ബ്ലോക്ക് പ്രസിഡന്റ് പുല്ലമ്പാറ ജലീല്‍ കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ വീട്ടിലെത്തി ക്ഷമ ചോദിച്ചിരുന്നു. വിവാദം അന്വേഷിക്കുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തെളിവെടുപ്പ് തുടങ്ങുന്ന ദിവസം അനുവാദം ചോദിക്കാതെയായിരുന്നു ജലീല്‍ പാലോടിന്റെ വീട്ടില്‍ എത്തിയത്. മാപ്പ് ചോദിച്ചെങ്കിലും എല്ലാം അന്വേഷണ സമിതിയോട് പറയൂ എന്ന് മറുപടി മാത്രം നല്‍കി പാലോട് രവി ജലീലിനെ മടക്കി അയച്ചു.
ഫോണ്‍ സംഭാഷണം പ്രചരിപ്പിച്ചവരുടെ പേരു വിവരങ്ങള്‍ ജലീല്‍ പറഞ്ഞെങ്കിലും പാലോട് കണക്കിലെടുത്തില്ല.തുടര്‍ന്ന് ഇന്ദിരാഭവനില്‍ എത്തി കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിനെ നേരിട്ട് കണ്ടും ജലീല്‍ പരാതി നല്‍കി.തിരുവഞ്ചൂര്‍ രാധാകൃഷ്ണനോടും പരാതി പറഞ്ഞു.
















