പാലക്കാട്: രാജ്യത്തെ ആദ്യ എഐ അധിഷ്ടിത തല്‍ക്ഷണ സംശയനിവാരണ ആപ്പുമായി ഐഐടി പാലക്കാട്. ‘ട്യൂട്ടോസ്’ എന്ന ആപ്പ് രാജ്യത്തിന് സമര്‍പ്പിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. ഈ സംരംഭം രാജ്യത്തെ ഡിജിറ്റല്‍ വിദ്യാഭ്യാസ ദൗത്യത്തെ ശക്തിപ്പെടുത്തുക മാത്രമല്ല, ഗ്രാമീണ, യുവാക്കളുടെ പഠനം കൂടുതല്‍ എളുപ്പമാക്കുകയും ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.
പാലക്കാട് ഐഐടിയിലെ റെവിന്‍ ടെക്നോ സൊല്യൂഷന്‍സ് എന്ന സ്റ്റാര്‍ട്ടപ്പാണ് ആപ്പിന് പിന്നില്‍. ഐഐടിയിലെ അസോസിയേറ്റ് പ്രൊഫ. ഡോ. ശ്രീനാഥ് വിജയകുമാറിന്റെയും ഗുവാഹത്തിയിലെ അസി. പ്രൊഫസര്‍ ഡോ. സത്യജിത് ദാസിന്റെയും മേല്‍നോട്ടത്തിലായിരുന്നു ആപ്പ് നിര്‍മാണം.
ജെഇഇ, നീറ്റ്, ക്യാറ്റ് പരീക്ഷകള്‍ക്ക് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി രൂപകല്പന ചെയ്ത എഐ പഠന സഹായിയാണ് ഡൗട്ട്സ് ടു ഡിസ്‌കവറി എന്ന ടാഗ് ലൈനോടുകൂടിയ ട്യൂട്ടോസ് ആപ്പ്. ടെക്സ്റ്റ്, ശബ്ദം അല്ലെങ്കില്‍ ചിത്രം വഴി തല്‍ക്ഷണ സംശയ നിവാരണം, ദൈനംദിന പരിശീലനം, ഇഷ്ടാനുസൃത പഠന മൊഡ്യൂളുകള്‍, പ്രചോദനവും ആരോഗ്യകരമായ മത്സരവും വളര്‍ത്തുന്നതിനുള്ള ഗാമിഫൈഡ് പ്രോഗ്രസ് ലീഡര്‍ ബോര്‍ഡുകള്‍, വിഷയാടിസ്ഥാനത്തിലുള്ള സ്മാര്‍ട്ട് നോട്ട്ബുക്കുകള്‍, ലോ-എന്‍ഡ് സ്മാര്‍ട്ട് ഫോണുകളില്‍ തടസമില്ലാതെ പ്രവര്‍ത്തിക്കാന്‍ ഓഫ്ലൈന്‍-സൗഹൃദ ഡിസൈന്‍ എന്നിവയാണ് ഇതിന്റെ പ്രത്യേകത.
പാലക്കാട് ഐഐടി ഡയറക്ടര്‍ പ്രൊഫ. ശേഷാദ്രി ശേഖര്‍, അസോസിയേറ്റ് പ്രൊഫ. ഡോ. ശ്രീനാഥ് വിജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.










