കൊല്ലം: വിഴിഞ്ഞത്തുനിന്നും കൊച്ചിയിലേക്കുള്ള യാത്രക്കിടെ പുറംകടലില്‍ മുങ്ങിയ ലൈബീരിയന്‍ ചരക്കുകപ്പല്‍ എംഎസ്‌സി എല്‍സ 3 യില്‍ നിന്ന് എണ്ണയും കണ്ടെയ്നറുകളും വീണ്ടെടുക്കാന്‍ ദൗത്യസംഘം കൊല്ലത്ത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍ അടങ്ങിയ 20 അംഗ സംഘം കൊല്ലം പോര്‍ട്ട് കേന്ദ്രീകരിച്ചാകും പ്രവര്‍ത്തനം.
സാല്‍വേജ് ഓപ്പറേഷനെ സഹായിക്കാന്‍ സിംഗപ്പൂര്‍ കപ്പലും പുറംകടലിലുണ്ട്. ലീസ്‌ലൈന്‍, എമിഗ്രേഷന്‍ സെര്‍വര്‍ എന്നിവ ഉപയോഗിച്ച് കൊല്ലം പോര്‍ട്ടിലെ എമിഗ്രേഷന്‍ ഓഫീസില്‍ എമിഗ്രേഷന്‍ നടപടി പൂര്‍ണതോതില്‍ നടന്നു. സാല്‍വേജ് ഓപ്പറേഷന്‍ സംഘത്തിന് തുടര്‍ച്ചയായി എമിഗ്രേഷന്‍ നടത്തേണ്ടതിനാല്‍ ചെക്ക്‌പോയിന്റില്‍ എല്ലാവിധ സൗകര്യങ്ങളും കൊല്ലം പോര്‍ട്ട് അധികൃതര്‍ ഒരുക്കി.
184 മീറ്റര്‍ നീളമുള്ള ലൈബീരിയന്‍ കപ്പല്‍ മെയ് 23ന് കൊച്ചിയില്‍ നിന്ന് ഏകദേശം 38 നോട്ടിക്കല്‍ മൈല്‍ തെക്ക് പടിഞ്ഞാറ് ഭാഗത്തായാണ് മുങ്ങിയത്. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ സഹായത്തോടെ കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരെയും സുരക്ഷിതമായി രക്ഷിച്ചിരുന്നു. മെയ് 23ന് വിഴിഞ്ഞം തുറമുഖത്ത് നിന്ന് പുറപ്പെട്ട കപ്പല്‍ മെയ് 24ന് കൊച്ചിയില്‍ എത്തേണ്ടതായിരുന്നു. ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് 640 കണ്ടെയ്നറുകള്‍ കപ്പല്‍ മറിഞ്ഞപ്പോള്‍ കടലില്‍ പതിച്ചിട്ടുണ്ട്. ഇതില്‍ 73ലും എണ്ണയും മിച്ചമുള്ളവ കാലിയുമായിരുന്നു. 73ല്‍ 13 കണ്ടെയ്നറുകളില്‍ പന്ത്രണ്ടില്‍ കാല്‍സ്യം കാര്‍ബൈഡും മറ്റ് അപകടകരമായ വസ്തുക്കളും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ, വൈദ്യുതി ഉല്‍പാദനത്തിനായി 367.1 മെട്രിക് ടണ്‍ ഫര്‍ണസ് ഓയിലും 84.44 മെട്രിക് ടണ്‍ ഡീസലും അടങ്ങിയ ടാങ്കുകളും. അപകടശേഷം അടുത്ത ദിവസങ്ങളില്‍ കൊല്ലം തീരത്ത് നീണ്ടകര, പരവൂര്‍, തിരുമുല്ലവാരം, അഴീക്കല്‍ കടപ്പുറങ്ങളില്‍ അടിഞ്ഞത് പത്തോളം കണ്ടയ്‌നറുകളാണ്.
ഇന്നലെ രണ്ടു ടീമായാണ് പുറംകടലിലേക്ക് വിദഗ്ധര്‍ പോയത്. പ്രതിസന്ധികളില്ലെങ്കില്‍ രണ്ട് ദിവസത്തിനുള്ളില്‍ എണ്ണ നീക്കല്‍ ആരംഭിക്കുമെന്നാണ് സംഘത്തിന്റെ പ്രതീക്ഷ. അതിന് ശേഷം കണ്ടെയ്‌നറുകള്‍ വീണ്ടെടുക്കും. കപ്പലില്‍ നിന്ന് ശേഖരിക്കുന്ന എണ്ണ ടാങ്കുകളില്‍ നിറച്ച് കൊല്ലം പോര്‍ട്ടിലെത്തിക്കാനാണ് പദ്ധതി. വീണ്ടെടുക്കാന്‍ സാധിക്കുന്ന എല്ലാ കണ്ടെയ്‌നറുകളും കൊല്ലം പോര്‍ട്ടിലെത്തിക്കും. മുംബയ് ആസ്ഥാനമായ മെര്‍ക്ക് എന്ന സാല്‍വേജ് ഓപ്പറേഷന്‍ കമ്പനിയുടെ നേതൃത്വത്തിലാണ് ദൗത്യം.












