കൊച്ചി: ചെന്നൈ സ്വദേശിയായ റിട്ടയേര്‍ഡ് എന്‍ജിനീയറെ വിവാഹം കഴിച്ച ശേഷം സ്വര്‍ണ്ണവും പണവും അടക്കം രണ്ടരക്കോടിയോളം രൂപയുടെ മുതല്‍ തട്ടിയെടുത്തു മുങ്ങുകയും മരിച്ചുപോയെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്ത ഗ്വാളിയാര്‍ സ്വദേശിനിയായ യുവതി അറസ്റ്റിലായി. ഇവര്‍ക്ക് ഒത്താശ ചെയ്ത മലയാളിയെയും പൊലീസ് പൊക്കി. എന്‍ജിനീയറുടെ പരാതിയില്‍ യുവതിയുടെ തിരോധാനം അന്വേഷിക്കാന്‍ ഉത്തരവിട്ട ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനു മുമ്പാകെ ഇന്ന് ഹാജരാക്കും.
തമിഴ്‌നാട് വൈദ്യുതി ബോര്‍ഡ് റിട്ടയേര്‍ഡ് എന്‍ജിനീയറെ മാട്രിമോണിയല്‍ സൈറ്റുവഴി ബന്ധപ്പെട്ടാണ് ഗ്വാളിയര്‍ സ്വദേശിനി വിവാഹം കഴിച്ചത്. വിവാഹശേഷം യുവതി നിരന്തരം കേരളത്തില്‍ വരുമായിരുന്നു. കുടുംബ സുഹൃത്തായ ഒരു ജോസഫ് സ്റ്റീവനെ കാണാനാണെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ഏപ്രിലില്‍ കേരളത്തിലെത്തിയ യുവതി പിന്നെ തിരിച്ചെത്തിയില്ല.
ജൂണ്‍ 4ന് അഡ്വ. ജി എം റാവു എന്ന പേരിലും പിന്നീട് സോഫിയ എന്ന പേരിലും യുവതി മരിച്ചു എന്ന വാട്ട്‌സ് ആപ്പ് മെസേജ് ഭര്‍ത്താവിന് അയച്ചു. സംശയം തോന്നിയാണ് ഭര്‍ത്താവ് യുവതിയെ കാണാനില്ലെന്ന് കാട്ടി പരാതി നല്‍കുകയായിരുന്നു. പോലീസ് അന്വേഷണത്തില്‍ ജോസഫ് സ്റ്റീവന്‍, സോഫിയ, ജിഎംറാവു എന്നിവര്‍ സാങ്കല്‍പ്പിക കഥാപാത്രങ്ങളാണെന്ന് പൊലീസിനു വ്യക്തമായി. തൃശ്ശൂര്‍ സ്വദേശി ലെനിന്‍ തമ്പിയെന്നയാളാണ് യുവതിക്കുവേണ്ടി മെസേജുകള്‍ അയച്ചതെന്നും കണ്ടെത്തി. ഇയാളെ അറസ്റ്റു ചെയ്ത പൊലീസ് യുവതിയുടെ മൊബൈല്‍ നമ്പര്‍ കണ്ടെത്തി ലൊക്കേഷന്‍ പരിശോധിച്ചാണ് കൊച്ചിയില്‍ നിന്ന് അറസ്റ്റു ചെയ്തത്.
















